തൃശൂർ: മഹാമാരിയുടെ കാലത്ത് ഗൾഫിലെ സേവന രംഗത്ത് ചരിത്രമെഴുതി ദുബായ് കെ.എം.സി.സി വനിതാ സംഘം. ഗൾഫിൽ കൊവിഡ് നൂറുകണക്കിനാളുകളുടെ ജീവനെടുത്തപ്പോൾ നാട്ടിലെത്താൻ സ്വന്തം നിലയിൽ ചാർട്ടർ വിമാനമൊരുക്കി മാതൃകയായായി ഈ മലയാളി വനിതകൾ.
പല വിധ രോഗമുള്ള 13 പേരും ഗർഭിണികളായ 20 പേരും വിസ കാലാവധി കഴിഞ്ഞ 40 പേരും ഒപ്പം സൗജന്യമായി ആറ് പേരും കഴിഞ്ഞ ദിവസം ദുബായിൽ നിന്നു കണ്ണൂരിൽ പറന്നിറങ്ങിയ വിമാനത്തിലുണ്ടായിരുന്നു. ദുബായ് കെ.എം.സി.സി വനിത വിംഗ് പ്രസിഡന്റ് സഫിയ മൊയ്തീൻ, ജനറൽ സെക്രട്ടറി റീന സലീം, ആക്ടിംഗ് ജനറൽ സെക്രട്ടറി അഡ്വ. നസിയ ഷബീർ, ട്രഷറർ നജ്മ സാജിദ്, കോ - ഓർഡിനേറ്റർ സറീന ഇസ്മയിൽ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്.
"ഇതുവരെ ദുബായ് കെ.എം.സി.സിയുടെ 17 ചാർട്ടർ ഫ്ലൈറ്റുകൾ കേരളത്തിലെത്തി. ചാർട്ടർ ഫ്ലൈറ്റിന് പലരും 1,300 ദിർഹം ഈടാക്കുമ്പോൾ കെ.എം.സി.സി 925 ദിർഹമാണ് ഈടാക്കുന്നത്. നിരവധി പേരെ സൗജന്യമായി നാട്ടിലെത്തിച്ചു. ഇതിനിടയിലാണ് വനിതാ വിഭാഗം സ്വന്തം നിലയിൽ ഫ്ലൈറ്റ് ചാർട്ടർ ചെയ്തത്.
ഹംസ തൊട്ടിയിൽ,ഓർഗനൈസിംഗ് സെക്രട്ടറി
ദുബായ് കെ.എം.സി.സി.സംസ്ഥാന കമ്മിറ്റി
'ഞാൻ ഒരു മകന് ജന്മം നൽകിയത് മാർച്ച് 30 നാണ്. അപ്പോഴും കെ.എം.സി.സി വനിത വിംഗിന്റെ എല്ലാ പ്രവർത്തനങ്ങളും ഫോണിലൂടെ എകോപിപ്പിച്ചു. 44 വനിതകൾ സജീവമായി പ്രവർത്തിക്കുന്ന ദുബായ് കെ.എം.സി.സി കൊവിഡ് പൊസിറ്റീവായ ക്വാറന്റൈനിലിരിക്കുന്ന കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് മാനസികമായ പിന്തുണയും ഭക്ഷണവും വിതരണം ചെയ്യുന്നു. തൊഴിൽ തേടി എത്തി ഒറ്റപ്പെട്ട് പോയ വനിതകൾക്ക് എല്ലാ പിന്തുണയും നൽകുന്നു.
അഡ്വ. നസിയ ഷബീർ,ആക്ടിംഗ് ജനറൽ സെക്രട്ടറി
ദുബായ് കെ.എം.സി.സി വനിത വിഭാഗം