തൃശൂർ: കൊവിഡ്-19 വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാദ്ധ്യമങ്ങൾ അതിവൈകാരികത ഒഴിവാക്കണമെന്ന് കാൻസർ ചികിത്സാ വിദഗ്ദ്ധനും ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ച് പ്രസിഡന്റുമായ ഡോ. എം.വി പിള്ള പറഞ്ഞു. ആരോഗ്യ-പ്രതിരോധ റിപ്പോർട്ടിംഗിൽ ആരോഗ്യശാസ്ത്രത്തെപ്പറ്റി സവിശേഷ അറിവ് സമ്പാദിക്കുന്നത് നന്നാകും. ഇത്തരത്തിൽ മികവുളള 20 ശാസ്ത്രപരിജ്ഞാന റിപ്പോർട്ടർമാരെങ്കിലും ഉണ്ടാകേണ്ടത് സംസ്ഥാനത്തിന് ആവശ്യമാണ്‌.

കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷനിലെ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് ഡിപ്പാർട്ട്മെന്റ് ആണ് വെബിനാർ സംഘടിപ്പിച്ചത്. 'കൊവിഡ് 19 പ്രതിരോധത്തിലെ കേരള ആരോഗ്യമേഖലയുടെ പബ്ലിക് റിലേഷൻസ് പാഠങ്ങൾ' എന്നതായിരുന്നു വിഷയം. കൊവിഡ് ബാധിച്ച അഞ്ചുമാസം പ്രായമുളള കുഞ്ഞ് മരിച്ചപ്പോൾ കൊവിഡ് മരണമെന്ന് സംഭ്രമജനകമായി മാധ്യമങ്ങളിൽ റിപ്പോർട്ടു വന്നു. ഗൗരവമുളള മറ്റ് പല അസുഖങ്ങളും ആ കുഞ്ഞിന് ഉണ്ടായിരുന്നു. മരണ കാരണം കൊവിഡാണെന്ന് വൈദ്യശാസ്ത്രം നിഗമനത്തിലെത്തിയിട്ടുമില്ല. ഇത്തരം ഘട്ടങ്ങളിൽ മാധ്യമങ്ങൾ സെൻസേഷണലിസത്തിന് പിന്നാലെ പോകരുത്. ആരോഗ്യശാസ്ത്രവിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നമ്മുടെ മാദ്ധ്യമപ്രവർത്തകരെ മികവുറ്റവരാക്കുന്നതിനുളള മാദ്ധ്യമപരിശീലനം ശക്തിപ്പെടുത്തണം. എം.വി പിളള അഭിപ്രായപ്പെട്ടു.