ആകെ സമ്പർക്ക രോഗികൾ 10
തൃശൂർ : ആശങ്ക നിറച്ച് വീണ്ടും കോർപറേഷനിൽ സമ്പർക്കത്തിലൂടെ കൊവിഡ് രോഗികൾ. ഇന്നലെ രണ്ട് കോർപറേഷൻ ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ കോർപറേഷനിൽ മാത്രം സമ്പർക്കത്തിലൂടെ രോഗം പകർന്നവരുടെ എണ്ണം പത്തായി.
നാല് ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കാണ് രോഗം കണ്ടെത്തിയത് . ഇന്നലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ വടക്കാഞ്ചേരി സ്വദേശിക്കും ചേർപ്പ് സ്വദേശിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ ആരോഗ്യ വിഭാഗം സൂപ്രണ്ടിന് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വിഭാഗം അടച്ചിട്ടിരുന്നു. മന്ത്രി വി.എസ് സുനിൽ കുമാർ, മേയർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ ആരോഗ്യ വകുപ്പ് സൂപ്രണ്ട് പങ്കെടുത്ത സാഹചര്യത്തിൽ ഇവരെല്ലാം നിരീക്ഷണത്തിലിരിക്കുകയായിരുന്നു.18 പേരാണ് അന്ന് യോഗത്തിൽ ഉണ്ടായിരുന്നത്.
മന്ത്രി ഉൾപ്പെടെയുള്ളവരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇന്നലെ ഇവരുടെ നിരീക്ഷണ കാലാവധി കഴിഞ്ഞു. എന്നാൽ ഇപ്പോൾ രോഗം സ്ഥിരീകരിച്ചത് ഇവർക്കൊപ്പം ജോലി ചെയ്തിരുന്നവരാണ് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കൗൺസിലർമാരെയും അവരുടെ കുടുംബത്തെയും പരിശോധിക്കാൻ ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.
ആരോഗ്യ വിഭാഗം സൂപ്രണ്ടിന് രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ സമ്പർക്ക സാദ്ധ്യത കണക്കിലെടുത്ത് തേക്കിൻകാട്, പള്ളിക്കുളം, കൊക്കാലെ ഉൾപ്പടെയുള്ള വിവിധ ഡിവിഷനുകൾ കണ്ടെയ്‌ൻമെന്റ് സോണാക്കിയിരുന്നു. ഇന്നലെ രോഗം കണ്ടെത്തിയവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ് ആരോഗ്യ വകുപ്പ്.
...............
കോർപറേഷനിൽ കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ജില്ലാ ഭരണകൂടം അതീവ ജാഗ്രതയോടെയാണ് നോക്കുന്നത്. മേയറുമായും ആരോഗ്യ വകുപ്പുമായും കൂടിയാലോചിച്ച് നടപടി സ്വീകരിക്കും
എസ്. ഷാനവാസ്, കളക്ടർ
............
കോർപറേഷനിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് എടുക്കുന്ന തീരുമാനത്തിനനുസരിച്ച് മുന്നോട്ട് പോകും. കൂടുതൽ ജാഗ്രത പുലർത്താൻ എല്ലാവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അജിതാ ജയരാജ്
മേയർ
............
കോർപറേഷനിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് കൊവിഡ് പൊസിറ്റീവ് ആയ സാഹചര്യത്തിൽ ആവശ്യപ്പെടുന്ന മുഴുവൻ കൗൺസിലർമാർക്കും, ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും, ആർ.ആർ.ടി ടീം അംഗങ്ങൾക്കും, കൊവിസ് ടെസ്റ്റ് ഉടൻ നടത്തണം.
രാജൻ പല്ലൻ
പ്രതിപക്ഷ നേതാവ്
............
കോർപറേഷനിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും സുരക്ഷാവലയം ഒരുക്കണം.
എം.എസ് സമ്പൂർണ്ണ
ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ