മാള: കുഴൂരിൽ കോൺഗ്രസ് നേതാവിനെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചതായി പരാതി. കോൺഗ്രസ് മാള ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പോൾസൺ കൊടിയനാണ് മർദ്ദനമേറ്റത്. എതിർ ഭാഗത്തെ കോൺഗ്രസ് പ്രവർത്തകരായ രണ്ട് പേർക്ക് മർദ്ദനമേറ്റതായും പരാതിയുണ്ട്. മർദ്ദനമേറ്റ പോൾസൺ കൊടിയൻ മാള സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. എതിർ ഭാഗത്തെ പ്രവർത്തകരായ റോയി, ഷാജു ഡേവിസ് എന്നിവർ അങ്കമാലിയിലെ ആശുപത്രിയിലും ചികിത്സയിലാണ്. കുഴൂരിൽ കോൺഗ്രസിൽ ഉണ്ടായ ചേരിതിരിവാണ് അടിപിടിയിൽ കലാശിച്ചത്. പോൾസന് നേരെയുണ്ടായ മർദ്ദനത്തിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് നാല് അംഗങ്ങൾ വിട്ടുനിന്നതായും സംഭവത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ പഞ്ചായത്ത് അംഗത്വം രാജി വയ്ക്കുന്നതടക്കം ആലോചിക്കുമെന്നും കോൺഗ്രസ് പഞ്ചായത്ത് അംഗം എം.കെ. ഡേവിസ് അറിയിച്ചു. അതേസമയം പോൾസൺ വീട്ടിൽ കയറി മർദ്ദിക്കുകയായിരുന്നുവെന്ന് എതിർവിഭാഗം ആരോപിച്ചു. എന്നാൽ വിളിച്ചു വരുത്തി മർദ്ദിച്ചതായാണ് പോൾസൺ പരാതിപ്പെടുന്നത്. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി. ശാന്തകുമാരിയുടെ ഒന്നാം ചരമവാർഷിക ദിനാചരണം ചേരിതിരിഞ്ഞ് നടത്തിയത് സംബന്ധിച്ച തർക്കമാണ് പോൾസന് എതിരെ എതിർ ഭാഗം ഉന്നയിക്കുന്നത്. എന്തായാലും കുഴൂരിൽ കോൺഗ്രസിനുള്ളിൽ വരും ദിവസങ്ങളിൽ ഇത് തർക്കം രൂക്ഷമാക്കും.