ചാലക്കുടി: നഗരസഭാ ജീവനക്കാരനും കൗൺസിലർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചാലക്കുടി നഗരസഭയുടെ ടൗൺ വാർഡുകളിൽ പൊലീസ് ആക്ട് 144 പ്രഖ്യാപിച്ചു. ലോക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങൾക്ക് കളക്ടറും ഉത്തരവിട്ടു. ഇതിനാൽ ചൊവ്വാഴ്ച മുതൽ മെഡിക്കൽ ഷോപ്പുകൾ ഒഴികെ ഒരു സ്ഥാപനങ്ങളും തുറക്കില്ല. ആർക്കും വീടുകളിൽ നിന്നും പുറത്തിറങ്ങാനും അനുമതിയില്ല.

ഏഴ് വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് നേരത്തെ കളക്ടറുടെ ഉത്തരവ് വന്നിരുന്നു. പിന്നാലെയാണ് അനുബന്ധ പ്രദേശങ്ങളിലെ കടകളും അടയ്ക്കാൻ തീരുമാനമായത്. 14 ദിവസത്തേക്കാണ് നടപടി. എന്നാൽ കണ്ടെയ്‌ൻമെന്റ് സോണുകൾ ഒഴികെയുള്ള വാർഡുകളിൽ 144 ബാധകമല്ല. അവശ്യ സാധനങ്ങളുടെ ലഭ്യതയെക്കുറിച്ച് പിന്നീട് ആലോചിക്കും.

നഗരത്തിൽ കൊവിഡ് വ്യാപനം സംഭവിച്ചിട്ടുണ്ടോ എന്നറിയാനാണ് ലോക്ക് ഡൗൺ. വെട്ടുകടവ്, മാർക്കറ്റ് ഉൾപ്പെടുന്ന സെന്റ് മേരീസ് ചർച്ച്, മുനിസിപ്പൽ ക്വാർട്ടേഴ്‌സ്, മുനിസിപ്പൽ ഓഫീസ്, ആര്യങ്കാല, പ്രശാന്തി ആശുപത്രി, കരുണാലയം എന്നീ വാർഡുകളാണ് നേരത്തെ അടച്ചിടലിന് തീരുമാനിച്ചത്. കോട്ടാറ്റ്, കൂടപ്പുഴ, സതേൺ കോളേജ് റോഡ് എന്നീ പ്രദേശങ്ങളിലെ കടകൾക്ക് ആവശ്യമെങ്കിൽ പ്രവർത്തിക്കാം.

കണ്ടെയ്ൻമെന്റ് വാർഡുകൾ

വെട്ടുകടവ്, സെന്റ് മേരീസ് ചർച്ച്, മുനിസിപ്പൽ ക്വാർട്ടേഴ്‌സ്, മുനിസിപ്പൽ ഓഫീസ്, ആര്യങ്കാല, പ്രശാന്തി ആശുപത്രി, കരുണാലയം