ചാലക്കുടി: വനിതാ കൗൺസിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചാലക്കുടി നഗരസഭയിലെ മുപ്പത്തിയഞ്ച് കൗൺസിലർമാരും ക്വാറന്റീനിലായി. സെക്രട്ടറി, ഹെൽത്ത് സൂപ്രണ്ട് അടക്കം അഞ്ച് ഉദ്യോഗസ്ഥർ, ഫയർഫോഴ്‌സ് ഓഫീസർ, മൂന്ന് സന്നദ്ധ സേനാ പ്രവർത്തകർ എന്നിവരും നിരീക്ഷണത്തിൽ പോയി.
രണ്ടു മാദ്ധ്യമ പ്രവർത്തകരും സ്വയം നിരീക്ഷണത്തിലാണ്. ഞായറാഴ്ച ഫയർഫോഴ്‌സ് നടത്തിയ മാർക്കറ്റിലെ അണു നശീകരണത്തിനിടയിൽ രോഗം ഉണ്ടെന്നറിയാതെ വനിതാ കൗൺസിലറുമെത്തി. ഇവരുമായി സമ്പർക്കമുണ്ടായിതിന്റെ പട്ടിക പ്രകാരമാണ് നിരവധി പേരുടെ ഒന്നിച്ചുള്ള ക്വാറന്റൈൻ.
നഗരസഭയിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തി, തിരിച്ചെത്തിയ അന്നുതന്നെയാണ് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, സെക്രട്ടറി എം.എസ് ആകാശ് തുടങ്ങിയവർ ക്വാറന്റൈനിലേയ്ക്ക് പോയത്. എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി എടുത്ത തീരുമാന പ്രകാരമായിരുന്നു ഭരണപക്ഷത്തെ 19 പേരും നിരീക്ഷണത്തിൽ പോകാൻ ധാരണയായത്. പിന്നീട് പ്രതിപക്ഷ കൗൺസിലർമാരും ക്വാറന്റൈൻ തീരുമാനം കൈക്കൊണ്ടു. എന്നാൽ അടുത്ത ദിവസങ്ങളിൽ സ്രവ പരിശോധന നടത്താനാണ് ഇവരുടെ നീക്കം.