
വിട പറഞ്ഞത് ചരിത്രമുഹൂർത്തങ്ങൾ പകർത്തിയ കാമറാമാൻ
തൃശൂർ: ഗുരുവായൂർ അമ്പലനടയിൽ കല്യാണിക്കുട്ടിഅമ്മയെ കെ. കരുണാകരൻ താലി ചാർത്തുമ്പോൾ ആ മുഹൂർത്തം ഫോട്ടോയിലാക്കിയ വിജയൻ മേനോൻ ഒടുവിൽ തന്റെ കാമറ താഴെ വച്ച് മടങ്ങി, വെള്ളിവെളിച്ചങ്ങളില്ലാത്ത ലോകത്തേക്ക്..
1954ൽ വിവാഹിതനാകുമ്പോൾ, ലീഡർക്ക് വയസ് 36. വിജയൻ മേനോന് വയസ് 19. യൗവനത്തിലെത്തുമ്പോഴേക്കും തൃശൂരിലെ സ്വതന്ത്ര ഫോട്ടോഗ്രാഫർ ആയി അദ്ദേഹം പേരെടുത്തിരുന്നു. അങ്ങനെയാണ് കരുണാകരന്റെ വിവാഹം കാമറയിലാക്കാൻ അവസരം ലഭിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികൾ, കായികതാരങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവരുടെ കൂടിക്കാഴ്ചകളുടെ വേദിയായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്ന മുരളി സ്റ്റുഡിയോ. ജോസഫ് മുണ്ടശേരി, സി.ആർ. കേശവൻ വൈദ്യർ, സ്വാമി ചിന്മയാനന്ദ... അങ്ങനെ നിരവധിപേർ.
ഔപചാരിക വിദ്യാഭ്യാസമുണ്ടായില്ലെങ്കിലും മഹാരഥൻമാരുടെ കൂട്ടത്തിൽ നിലകൊണ്ടായിരുന്നു അദ്ദേഹം ഫോട്ടോഗ്രാഫിയിൽ പ്രതിഭ തെളിയിച്ചത്. ജവഹർലാൽ നെഹ്റു, ഡോ. എസ്. രാധാകൃഷ്ണൻ , ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിര ഗാന്ധി, വി.വി. ഗിരി, വി.കെ. കൃഷ്ണമേനോൻ, കെ. കാമരാജ് , ഇ.എം.എസ്, പനമ്പിള്ളി, മഹാകവി വള്ളത്തോൾ, ജി.ശങ്കരക്കുറുപ്പ് , ഇക്കണ്ട വാരിയർ, ആർ. ശങ്കർ, പി.ടി. ചാക്കോ, സർദാർ കെ.എം. പണിക്കർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, കെ.പി. മാധവൻ നായർ… അങ്ങനെ വിജയൻ മേനോന്റെ കാമറക്കണ്ണിൽ നിരന്ന പ്രമുഖരേറെയുണ്ട്. നടി പത്മിനി, ഗായിക പി. ലീല തുടങ്ങിയവരുടെ വിവാഹവും കാമറയിലാക്കിയത് വിജയൻ മേനോനായിരുന്നു.
മാള വടമയിൽ പാമ്പുമേക്കാവ് മനയ്ക്ക് സമീപം അത്തപുടത്ത് വീട്ടിൽ വിജയൻ മേനോൻ കാമറയുമായി തൃശൂരിലെത്തിയിട്ട് ഏഴുപതിറ്റാണ്ടിലേറെയായി. ബാല്യത്തിൽ തന്നെ ജോസ് തിയേറ്ററിന് മുകളിൽ പ്രവർത്തിച്ചിരുന്ന ദാസ് ബ്രദേഴ്‌സ് ആൻഡ് മുരളി ഫോട്ടോസിൽ സഹായിയായി. സ്വാതന്ത്ര്യസമര സേനാനി രാമദാസ് മേനോന്റേതായിരുന്നു മുരളി ഫോട്ടോസ്. മേനോനിൽ നിന്ന് ഫോട്ടോഗ്രാഫി പഠിച്ചു. ഗുരുവായൂരമ്പലത്തിലെ തീപ്പിടിത്തവും വടക്കുന്നാഥ ക്ഷേത്രത്തിൽ നെയ് മല ഇടിഞ്ഞതും പീച്ചി അണക്കെട്ടിന്റെ ഉദ്ഘാടനവും കലാമണ്ഡലം രജതജൂബിലിയും നെഹ്റുവിന്റെ സന്ദർശനവും അടക്കം ചരിത്ര മുഹൂർത്തങ്ങൾ ഒപ്പിയെടുത്തു. പബ്ലിക് റിലേഷൻസ് വകുപ്പ് നിയോഗിച്ച ഫോട്ടോഗ്രാഫറായി. ഒടുവിൽ, ഫോട്ടോഗ്രാഫി ഡിജിറ്റൽ യുഗത്തിലേക്ക് വഴിമാറുമ്പോഴായിരുന്നു ഏതാനും വർഷം മുമ്പ് അദ്ദേഹം കാമറ താഴെവച്ചത്. മകനായിരുന്നു ആ പാരമ്പര്യം തുടർന്നത്. പഴയ ഫോട്ടോകൾ പലതും അദ്ദേഹം സൂക്ഷിക്കാൻ മറന്നുപോയി. അങ്ങനെ നഷ്ടപ്പെട്ടത്, ചരിത്രത്തിലെ സുന്ദരമുഹൂർത്തങ്ങളായിരുന്നു.
''വിജയൻ മേനോനാണ് അച്ഛന്റെ വിവാഹമുഹൂർത്തം പകർത്തിയതെന്ന് കേട്ടറിവുണ്ട്. അച്ഛൻ വിവാഹശേഷം രാത്രി തന്നെ തിരുവനന്തപുരത്തേക്ക് പോയി. സദ്യയൊന്നും ഉണ്ടായില്ല. ടീ പാർട്ടി മാത്രമാണ് നടത്തിയത്. അന്ന് തൃശൂരിലെ കോട്ടപ്പുറത്തായിരുന്നു താമസം. പ്രശസ്തനായ ആ ഫോട്ടോഗ്രാഫറുടെ വിയോഗത്തിൽ അനുശോചിക്കുന്നു. ''
- പദ്മജ വേണുഗോപാൽ.