തൃശൂർ: നൂറ്റാണ്ടിലേറെ പഴക്കമുളള തൃശൂർ മൃഗശാലയിലുളള 59 ജീവിവർഗങ്ങളിൽപ്പെട്ട അഞ്ഞൂറോളം മൃഗങ്ങൾ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക്. ഈ വർഷം ഡിസംബറിൽ തന്നെ മൃഗങ്ങളെ മാറ്റാനുളള ഒരുക്കങ്ങളാണ് നടക്കുന്നത്. ആദ്യം പക്ഷികളെ ആയിരിക്കും മാറ്റുക. കൂടുകൾ തയ്യാറാവുന്നത് അനുസരിച്ച് മറ്റ് മൃഗങ്ങളെ കൊണ്ടുപോകും. കഴിഞ്ഞ വർഷം വയനാട്ടിൽ നിന്ന് പിടികൂടി എത്തിച്ച കടുവയെയാണ് മൃഗശാലയിൽ അവസാനം എത്തിച്ചത്. അതിനുശേഷം മൃഗങ്ങളെ പാർപ്പിക്കാൻ അനുമതി ലഭിച്ചിട്ടില്ല.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയാണ് പുത്തൂരിൽ ഒരുങ്ങുന്നത്. രണ്ട് വർഷം മുൻപ് ഫെബ്രുവരിയിൽ ആരംഭിച്ച പക്ഷിക്കൂട്, കരിങ്കുരങ്ങ്, സിംഹവാലൻ, കാട്ടുപോത്ത് എന്നിവയ്ക്കുളള നാല് വാസസ്ഥലങ്ങളുടെ പ്രവർത്തനം അന്തിമഘട്ടത്തിലായിട്ടുണ്ട്. 19 വാസസ്ഥലങ്ങളുടെ നിർമ്മാണം നടക്കുന്നുണ്ട്.
വന്യജീവികൾക്ക് വിശാലമായ വാസസ്ഥലങ്ങൾ, സന്ദർശകർക്ക് അടിസ്ഥാന സൗകര്യം, പാർക്കിംഗ് സൗകര്യം, സൂ ഹോസ്പിറ്റൽ സമുച്ചയം എന്നിവ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് പാർക്ക് നിർമ്മിക്കുന്നത്. പൂത്തൂരിലേക്ക് മൃഗശാല മാറ്റാനുള്ള നടപടി രണ്ട് പതിറ്റാണ്ട് മുമ്പാണ് വിഭാവനം ചെയ്തത്. കിഫ്ബിയിൽ നിന്നുള്ള ധനസഹായത്തോടെ പദ്ധതി നടപ്പാക്കാനുള്ള പ്രഖ്യാപനം 2016-17 ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ലാൻഡ്‌സ്‌കേപ് പ്‌ളാനാണ് തയ്യാറാക്കിയിട്ടുളളത്.
..................
ലോക് ഡൗണിൽ മൃഗശാലയ്ക്ക് നഷ്ടം അരക്കോടിയോളം
തൃശൂർ മൃഗശാലയുടെ ശരാശരി മാസവരുമാനം 12 ലക്ഷം രൂപയാണ്. വേനലവധിക്കാലത്ത് അതിലേറെ വരുമാനമുണ്ടാകും. ലോക് ഡൗണിൽ മാർച്ച് 11 മുതൽ അടച്ചിട്ടിരുന്നു. മൂന്നര മാസത്തിലേറെയായി അടഞ്ഞുകിടന്നതോടെ അരക്കോടി രൂപയോളമാണ് നഷ്ടം. മൃഗങ്ങളെ മാറ്റിയാൽ സാംസ്‌കാരിക സമുച്ചയം ഒരുക്കാനായിരുന്നു പദ്ധതി.
.............
കൊവിഡ്കാല അതിജീവന വനം
പാർക്കിലെ ലാൻഡ് സ്‌കേപ്പ് പ്‌ളാനിൽ ഒമ്പത് മേഖലകളിലായി വനവൃക്ഷങ്ങൾ, മുളകൾ, പനകൾ, പൂമരങ്ങൾ, ചെടികൾ, വള്ളികൾ, ചെറുസസ്യങ്ങൾ, ജലസസ്യങ്ങൾ എന്നിവയടക്കം മൊത്തം പത്ത് ലക്ഷം സസ്യങ്ങളാണ് വനമഹാേത്സവത്തിന്റെ ഭാഗമായി നടുന്നത്. വനവൃക്ഷങ്ങൾ, മുളകൾ, പനകൾ എന്നിവ പതിനായിരം വീതമുണ്ടാകും. രോഗപ്രതിരോധ ശേഷി കൂട്ടണമെന്ന കൊവിഡ് കാല പാഠം ഉൾക്കൊണ്ട് അതിജീവന വനം ഒരുക്കും. സസ്യങ്ങൾ വീടുകളിൽ നടുന്നതിന് പ്രചോദനമാകുന്ന അതിജീവന വനത്തിന്റെയും വനമഹാേത്സവത്തിന്റെയും ഉദ്ഘാടനം ജൂലായ് രണ്ടിന് പത്തിന് പാർക്ക് കോമ്പൗണ്ടിൽ വനംമന്ത്രി കെ. രാജു നിർവഹിക്കും
............
മൃഗങ്ങളെ കൊണ്ടുപോകുന്നതിനുളള പ്രാരംഭഘട്ടത്തിലാണ്. നടപടികൾ തുടങ്ങിവയ്ക്കാനായിട്ടുണ്ട്. അപൂർവ മരങ്ങൾ സംരക്ഷിച്ചുകൊണ്ടുളള സാംസ്‌കാരിക സമുച്ചയമാണ് തൃശൂരിലെ മൃഗശാലയിൽ ലക്ഷ്യമിട്ടിട്ടുള്ളത്.
- വി. രാജേഷ്, സൂപ്രണ്ട്, തൃശൂർ മൃഗശാല
...........................
പാർക്ക് ഉൾക്കൊള്ളുന്ന ഭൂമി: 338 ഏക്കർ
പദ്ധതിയുടെ മൊത്തം ചെലവ്: 360 കോടി
കിഫ്ബിയിൽ നിന്നുള്ള തുക: 269.75
ബാക്കി : സംസ്ഥാന വിഹിതം
.....................................................................