മാള: ഇക്കാലമത്രയും വൈദ്യുതി എത്തിനോക്കാത്ത സുരേഷ് കുമാറിന്റെ വീട്ടിലേക്ക് വെളിച്ചമെത്തി. പൊയ്യ കോട്ടുള്ളിക്കാരൻ സുരേഷ്കുമാറും നാലാം ക്ലാസുകാരി മകളും ഭാര്യയും ഇതുവരെ വീട്ടിൽ വൈദ്യുതി വെളിച്ചം എന്തെന്ന് അറിഞ്ഞിരുന്നില്ല. വീട്ടിലേക്ക് വൈദ്യുതി എത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതാത്ത അവസ്ഥയിലായിരുന്നു കുടുംബം.
മകൾക്ക് പഠിക്കണമെങ്കിൽ ടി.വിയോ ഇന്റർനെറ്റ് സൗകര്യമുള്ള ഫോണോ ആവശ്യമായിരുന്നുവെങ്കിലും വൈദ്യുതി ഇല്ലാത്തതിനാൽ സുരേഷും ഭാര്യ സുനിതയും ആ ആഗ്രഹം നടക്കില്ലെന്ന് കരുതിയതാണ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ നൂറുകണക്കിന് കുടുംബങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റു സഹായങ്ങളും നൽകിയ പൊതുപ്രവർത്തകനായ രാജേഷ് കളത്തിൽ കുടുംബത്തെ സഹായിക്കാൻ എത്തിയപ്പോഴാണ് വൈദ്യുതി ഇല്ലാത്ത അവസ്ഥ നേരിട്ടറിഞ്ഞത്. വീട് സംബന്ധിച്ച രേഖകളുടെ കൃത്യതയില്ലായ്മയാണ് വൈദ്യുതി ലഭിക്കുന്നതിന് തടസമായിരുന്നത്.
ഓലക്കുടിൽ രണ്ട് വർഷം മുമ്പ് കത്തിനശിച്ചപ്പോൾ പൊയ്യ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂൾ നേതൃത്വം നൽകിയാണ് ഈ കുടുംബത്തിന് അടച്ചുറപ്പുള്ള വീടൊരുക്കിയത്. വീട് സ്ഥിതിചെയ്യുന്ന സ്ഥലം സുരേഷ്‌കുമാറിന്റെ അച്ഛന്റെ പേരിലായതിനാൽ വൈദ്യുതി ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് ചിലർ ഇവരെ അറിയിച്ചു. എന്നാൽ രാജേഷ് ഇടപെട്ട് പൊയ്യ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ ഒറ്റ രാത്രികൊണ്ട് വൈദ്യുതി കണക്‌ഷനുള്ള രേഖകൾ ശരിയാക്കി കൊടുക്കുകയായിരുന്നു. തുടർന്ന് വയറിംഗ് നടത്തി കെ.എസ്.ഇ.ബി അധികൃതർ സഹകരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈദ്യുതി കണക്‌ഷൻ നൽകി.
വൈദ്യുതി കണക്ഷൻ ലഭിച്ചതോടെ പൊയ്യ എ.കെ.എം സ്‌കൂളിൽ നിന്ന് അദ്ധ്യാപകർ ടി.വി.യും നൽകി. ആദ്യമായി വൈദ്യുതിയും ടി.വി.യും ലഭിച്ചതോടെ നാലാം ക്ലാസുകാരി സുബിതയും സന്തോഷത്തിലായി. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എത്തിയതിന്റെ സന്തോഷവും പഠനത്തിനായി ടി.വി ലഭിച്ചതിന്റെ ആശ്വാസവും സുബിതയ്ക്കൊപ്പം അച്ഛനും അമ്മയും പ്രകടിപ്പിച്ചു.
'ഈ 43 വയസിനിടയിൽ ഇതുവരെ വീട്ടിൽ വൈദ്യുതി വെളിച്ചം കണ്ടിട്ടില്ലായിരുന്നു. മോൾക്ക് പഠിക്കാൻ കഴിയുമെന്നും വൈദ്യുതി ലഭിക്കുമെന്നും കരുതിയിരുന്നില്ല. സഹപാഠി കൂടിയായ രാജേഷാണ് ഇതിനെല്ലാം നേതൃത്വം നൽകിയത്. അതുപോലെ പഞ്ചായത്ത് അധികൃതരും സ്‌കൂൾ അദ്ധ്യാപകരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സഹായിച്ചു. എല്ലാവർക്കും നന്ദി പറയുന്നു'
- സുരേഷ്‌കുമാർ