തൃപ്രയാർ: തൃപ്രയാർ ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടിക പഞ്ചായത്ത് വിളിച്ചു ചേർത്ത യോഗത്തിൽ ബഹളവും പ്രതിഷേധവും. ഗീത ഗോപി എം.എൽ.എ അനുവദിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് ബസ് സ്റ്റാൻഡ് നിർമ്മാണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ എം.എൽ.എയെ വിളിക്കാത്തതാണ് അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയെ യോഗത്തിൽ പങ്കെടുത്തവർ ചോദ്യം ചെയ്തു. നയപരമായ കാര്യങ്ങൾ തീരുമാനിക്കാൻ എം.എൽ.എയെ പങ്കെടുപ്പിച്ച് വിപുലമായ യോഗം ചേരാമെന്ന് അദ്ധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അറിയിച്ചതിനെ തുടർന്നാണ് ബഹളം ശമിച്ചത്.
എൽ.ഡി.എഫ് നേതാക്കളായ കെ.ബി. ഹംസ, വി.വി. പ്രദീപ്, ടി.കെ. ദേവദാസ്, സി.ആർ. സുരേന്ദ്രൻ, ശിവൻ മഞ്ചറമ്പത്ത്, പഞ്ചായത്ത് അംഗങ്ങളായ വി.എം. സതീശൻ, പ്രവിത അനൂപ്, ടി.സി. ഉണ്ണിക്കൃഷ്ണൻ, വി.ആർ. പ്രമീള എന്നിവർ പിന്നീട് യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു.
തൃപ്രയാർ: തൃപ്രയാർ ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടിക പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽ എം.എൽ.എയെ പങ്കെടുപ്പിക്കാത്തതും എൽ.ഡി.എഫ് ബഹിഷ്‌കരിച്ചതും പൊതുജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ബി.ജെ.പി. പദ്ധതി എന്തായാലും ബസ് സ്റ്റാൻഡ് യാഥാർത്ഥ്യമാക്കണം. അഞ്ച് കോടിയുടെ പദ്ധതി 15 കോടിയിൽ പ്‌ളാൻ ചെയ്യുന്നതിൽ അപാകതയുണ്ടെന്നും ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ.കെ. ചന്ദ്രശേഖരൻ പ്രസ്താവനയിൽ പറഞ്ഞു.