തൃശൂർ: വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിൽ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിയോവാകി കാടൊരുക്കാൻ നടപടി ആരംഭിച്ചു. ജില്ലയിൽ 100 മിയോവാക്കി കാടെങ്കിലും ഉണ്ടാക്കുക എന്ന പരിഷത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ജയിൽ അധികൃതരുടെ സഹായ സഹകരണത്തോടെയാണിത് നടപ്പാക്കുക.
ഫോറസ്ട്രി കോളേജ് ഡീനും പരിഷത്ത് പരിസര വിഷയസമിതി ജില്ലാ ചെയർമാനുമായ ഡോ. കെ. വിദ്യാസാഗർ നിർദേശങ്ങൾ നൽകി. ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് എം.എം. ഹാരിസ്, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ സി.എസ്. അനീഷ്, നവാസ് ബാബു, പരിസരസമിതി ജില്ലാ കൺവീനർ ടി.വി. വിശ്വംഭരൻ, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ എന്നിവർ പങ്കെടുത്തു.
പദ്ധതിയിങ്ങനെ
കണ്ടെത്തിയത് ജയിലിലെ ഔഷധത്തോട്ടത്തിന് സമീപമുള്ള 20 സെന്റ് സ്ഥലം
നാൽക്കാലികൾ കയറാത്ത ജലസമൃദ്ധവും ഫലഭൂയിഷ്ടവുമായ പ്രദേശം
വൃക്ഷത്തൈകൾ എത്തിക്കുന്നതും പച്ചിലക്കമ്പോസ്റ്റ് ഒരുക്കുന്നതും ആദ്യപ്രവൃത്തി
ജപ്പാനീസ് സസ്യ ശാസ്ത്രജ്ഞനായ അകീര മിയോവാകിയാണ് രണ്ടു സെന്റ് സ്ഥലത്ത് പോലും സ്വാഭാവിക വനം ഒരുക്കാം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്. പരമാവധി പത്ത് ദിവസത്തിനകം വനവത്കരണം ആരംഭിക്കാനാകും.
- എൻ.എസ്. നിർമ്മലാനന്ദൻ നായർ, ജയിൽ സൂപ്രണ്ട്