തൃശൂർ:എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ ജില്ലക്ക് വിജയ ശതമാനം കൂടി. എന്നാൽ കഴിഞ്ഞ രണ്ടുവർഷവും നിലനിറുത്തിയ അഞ്ചാംസ്ഥാനം നഷ്ടമായി. 98.93 ശതമാനമാണ് ഇക്കുറി വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.15 ശതമാനം അധികമാണിത്. എന്നാൽ അഞ്ചിൽ നിന്നും ഒമ്പതാം സ്ഥാനത്തേക്ക് പോയി.

ജില്ലയിൽ 17796 ആൺകുട്ടികളും 17351 പെൺകുട്ടികളും അടക്കം 35147 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 17509 ആൺകുട്ടികളും 17262 പെൺകുട്ടികളും അടക്കം 34771 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 3416 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 2414 പെൺകുട്ടികളും 1002 ആൺകുട്ടികളുമാണ് എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം 2946 പേർക്കായിരുന്നു മുഴുവൻ എപ്ലസ്.

കൂടുതൽ എ പ്ലസ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയ്ക്കാണ്. 962 പെൺകുട്ടികളും 440 ആൺകുട്ടികളും അടക്കം ഇരിങ്ങാലക്കുടയ്ക്ക് 1402 എ പ്ലസ് ലഭിച്ചു. 778 പെൺകുട്ടികളും 317 ആൺകുട്ടികളും അടക്കം തൃശൂരിന് 1095ഉം 674 പെൺകുട്ടികളും 245 ആൺകുട്ടികളും അടക്കം ചാവക്കാടിന് 919 എ പ്ലസുമാണ് ലഭിച്ചത്.

വിദ്യാഭ്യാസ ജില്ലകളിൽ 99.43 ശതമാനത്തോടെ ഇരിങ്ങാലക്കുടയാണ് മുന്നിൽ. കഴിഞ്ഞ തവണ ഇത് 99.75 ആയിരുന്നു. 99.24 ശതമാനവുമായി ഇക്കുറിയും തൃശൂർ രണ്ടാം സ്ഥാനത്താണ്. തൃശൂരിന് കഴിഞ്ഞ തവണ 98.97 ശതമാനം ആയിരുന്നു വിജയം. കഴിഞ്ഞ തവണ 97.94 ശതമാനം നേടിയ ചവക്കാട് 98.34 ശതമാനവുമായി നിലമെച്ചപ്പെടുത്തി.

കൂടുതൽ വിദ്യാർത്ഥികളുള്ള ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 14500 കുട്ടികളിൽ 14260 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 10605 ൽ 10545 കുട്ടികൾ ഉപരിപഠന യോഗ്യത നേടി ഇരിങ്ങാലക്കുടയും 10042ൽ 9966 തൃശൂരും യോഗ്യത നേടി. ജില്ലയിലെ 264 സ്‌കൂളുകളിൽ 155 എണ്ണം 100 ശതമാനം വിജയം തേടി. 35 സർക്കാർ, 88 എയഡഡ്, 32 അൺ എയ്ഡഡ് സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. കഴിഞ്ഞ വർഷമിത് 174 സ്‌കൂളുകൾക്കായിരുന്നു.

16 സ്‌കൂളുകളിൽ 100 ശതമാനം നേടിയ ഇരിങ്ങാലക്കുടയാണ് സർക്കാർ സ്‌കൂളുകളിൽ മുന്നിൽ. ചാവക്കാട് 10ഉം തൃശൂരിൽ ഒമ്പത് സർക്കാർ സകൂളുകൾക്കുമാണ് നൂറുമേനി. നേറുമേനി എയ്ഡഡ് സ്‌കൂളുകളിൽ ഇരിങ്ങാലക്കുടയും (36) തൃശൂരും (35) ഒപ്പത്തിനൊപ്പമാണ്. ചാവക്കാട് 17 എയ്ഡഡ് സ്‌കൂളുകൾക്കാണ് നൂറുമേനി. അൺ എയ്ഡഡ് സ്‌കൂളുകളിൽ ചാവക്കാടാണ് (16) മുന്നിൽ. എട്ടു വീതമാണ് തൃശൂരിലും ഇരിങ്ങാലക്കുടയിലുമുള്ളത്.

കണക്കുകൾ

തൃശൂർ ജില്ലയുടെ വിജയ ശതമാനം- 98.93

നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങൾ - 155

ഉപരിപഠനത്തിന് അർഹരായ വിദ്യാർത്ഥികൾ - 34771

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് - 3416

വിജയ ശതമാനത്തിൽ മുന്നിൽ- ഇരിങ്ങാലക്കുട (99.43%)

നൂറുമേനി നേടിയ സ്കൂളുകൾ (വിദ്യാഭ്യാസ ജില്ല തിരിച്ച്)

ഇരിങ്ങാലക്കുട- 60, തൃശൂർ- 52, ചാവക്കാട്- 43