കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ച ബഹുമതി ഇത്തവണയും
എരുമപ്പെട്ടി: ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം. 599 വിദ്യാർത്ഥികളിൽ 597 പേരാണ് മുഴുവൻ വിഷയങ്ങളിലും പരീക്ഷയെഴുതിയത്. ഇതിൽ 586 പേർ വിജയികളായി. രണ്ട് കുട്ടികൾ അസുഖ ബാധിതരായി കിടപ്പിലായതിനാൽ മുഴുവൻ പരീക്ഷയും എഴുതാൻ സാധിച്ചില്ല. ഈ കുട്ടികൾ ഉൾപ്പടെ 13 പേരാണ് പരാജയപ്പെട്ടത്. 26 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 12 പേർക്ക് 9 എപ്ലസും, 4 പേർക്ക് 8 എ പ്ലസും ലഭിച്ചു. 98 ആണ് വിജയ ശതമാനം.
സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയത്തിൽ 233 പേർ പരീക്ഷയെഴുതിയതിൽ 232 പേരും വിജയിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചൂവെന്ന ബഹുമതി ഇത്തവണയും ഈ സർക്കാർ സ്കൂൾ സ്വന്തമാക്കി. കഴിഞ്ഞ തവണ 625 കുട്ടികൾ പരീക്ഷയെഴുതുകയും 600 പേർ വിജയിക്കുകയും ചെയ്തിരുന്നു. വിജയ ശതമാനം 96 ആയിരുന്നു.