തൃശൂർ: താണിക്കുടം പുഴയിലെ കല്ലായി ചീപ്പ് മുതൽ പുഴയ്ക്കൽ പാലം വരെയുള്ള നാല് കിലോമീറ്ററോളം ദൂരം വരുന്ന ഭാഗം ചണ്ടിയും പായലും കുളവാഴയും നീക്കി നീരൊഴുക്ക് സുഗമമാക്കാൻ മേജർ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനിയർ അഞ്ച് ലക്ഷത്തി അറുപതിനായിരം രൂപയ്ക്കുള്ള ഭരണാനുമതി നൽകി. വിയ്യൂർ, പെരിങ്ങാവ്, പാട്ടുരായ്ക്കൽ, ഏവന്നൂർ, ചെമ്പുക്കാവ്, കുണ്ടുവാറ പ്രദേശങ്ങളിലെ 15 റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ ജയൻ തോമസ്, സന്തോഷ് മേച്ചേരി എന്നിവരുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്ന് മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ അടിയന്തരമായി ഇടപെട്ടാണ് തുക ലഭ്യമാക്കിയത്.

ഷൊർണൂരിലേക്കുള്ള റെയിൽപ്പാതയുടെ പടിഞ്ഞാറ് ഭാഗത്ത് വിജനമായ പാടങ്ങളിലൂടെയുള്ള പുഴയുടെ ഈ ഭാഗം കോർപറേഷന്റെയോ കോലഴി പഞ്ചായത്തിന്റെയോ വാർഷിക പദ്ധതികളിൽ പെട്ടിരുന്നില്ല. തുടർന്നാണ് ചീപ്പുകളുടെ കൈവശക്കാരായ മേജർ ഇറിഗേഷൻ വകുപ്പിനോട് ഈ പ്രവൃത്തി ഏറ്റെടുക്കാൻ മന്ത്രി നിർദ്ദേശിച്ചതും തുക അനുവദിച്ചതും. ദർഘാസ് ക്ഷണിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ പൂർത്തിയാക്കി, ഒരാഴ്ചയ്ക്കുള്ളിൽ പണിതുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് മേജർ ഇറിഗേഷൻ അധികൃതർ പറഞ്ഞു.