വൈദ്യുതി കണക്ഷൻ ലഭിച്ച വീടിന് മുൻപിൽ ബിന്ദുവും മക്കളും
ചാലക്കുടി: ബിന്ദുവിനും മക്കൾക്കും കേരളകൗമുദി വാർത്ത തുണയായി. വീട്ടിൽ വൈദ്യുതി വെളിച്ചമെത്തിയപ്പോൾ കോടശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മാരാകോട് കോളനിയിലെ 25-ാം ബ്ലോക്കിൽ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിൽ കഴിയുന്ന അമ്മയ്ക്കും രണ്ട് മക്കൾക്കും എന്തെന്നില്ലാത്ത സന്തോഷം. ഭർത്താവ് ഉപേക്ഷിച്ചു പോയിട്ട് വർഷങ്ങൾ കഴിഞ്ഞ ബിന്ദുവിന്റെ ആറാം ക്ലാസിൽ പഠിക്കുന്ന മകൻ കാളിദാസൻ, മൂന്ന് വയസുകാരൻ ശ്രീഹരി എന്നിവർക്കാണ് സന്തോഷത്തിന്റെ വെളിച്ചമെത്തിയത്. വൈദ്യുതി ഇല്ലാത്തതു കൊണ്ട് മകൻ കാളിദാസൻ മണ്ണൈ വിളക്കിന്റെ വെളിച്ചത്തിലാണ് പഠിച്ചിരുന്നത്. വാർത്തയെ തുടർന്ന് കുറ്റിക്കാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് ഓൺലൈൻ പഠനത്തിന് വേണ്ടി ടെലിവിഷൻ നൽകിയിരുന്നു . എന്നാൽ വൈദ്യുതി ഇല്ലാത്തതിനാൽ അടുത്ത വീട്ടിലാണ് ടെലിവിഷൻ വച്ചിരുന്നത് .
ബിന്ദുവിന്റെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ബി.ഡി. ദേവസി എം.എൽ.എ ഈ കുടുംബത്തിന് വൈദ്യുതി കണക്ഷൻ നൽകാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. ഇതോടെ കാളിദാസന് വൈദ്യുതി വെളിച്ചത്തിൽ വീട്ടിൽ തന്നെ ഇരുന്ന് പഠിക്കാൻ കഴിയും. റേഷൻകാർഡ് ഇല്ലാത്തതു കൊണ്ട് റേഷൻ കടയിൽ നിന്നും ഇവർക്ക് സാധനങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ പുതിയ റേഷൻ കാർഡ് എത്രയും വേഗം അനുവദിക്കാമെന്ന് സിവിൽ സപ്ലെയ്‌സ് വകുപ്പും അറിയിച്ചിട്ടുണ്ട്.
മഴയും കാറ്റും വന്നാൽ ഭയക്കാതെ കഴിയാനുള്ള ഒരു കൊച്ചു വീടാണ് ഇവർക്ക് ഇനി ആവശ്യമായുള്ളത്. ഇപ്പോൾ താമസിക്കുന്ന ഷെഡിനു ചുറ്റും ഷീറ്റുകൾ വലിച്ചു കെട്ടിയും മേൽക്കൂര പ്ലാസ്റ്റിക് ഷീറ്റു കൊണ്ടും മറച്ചിട്ടുള്ളതുമാണ്. മഴയിൽ ഏത് സമയത്തും ഷെഡ് തകർന്ന് വീഴാവുന്ന അവസ്ഥയാണ് ഉള്ളത്.