തൃശൂർ: ഹരിതകർമ്മ സേനകളെക്കുറിച്ച് ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ശുചിത്വമിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി എന്നിവരുമായി ചേർന്ന് നാളെ വൈകീട്ട് മൂന്ന് മുതൽ 4.30 വരെയാണ് പരിപാടി. വീടുകളിൽ നിന്നും അജൈവ മാലിന്യം ശേഖരിച്ച് സംഭരണ കേന്ദ്രങ്ങളിലെത്തിക്കുക, തരംതിരിക്കുക, പുനചംക്രമണത്തിനു നൽകുക തുടങ്ങിയ സുപ്രധാന ജോലികളാണ് ഹരിതകർമ്മസേന നിർവഹിക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ ഹരിതകർമ്മ സേനാംഗങ്ങളുടെ സുരക്ഷ, ആരോഗ്യ സുരക്ഷ, പാഴ്‌വസ്തുക്കൾ തരംതിരിക്കേണ്ട ആവശ്യകത എന്നിവയും ഇതു സംബന്ധിച്ച പൊതുവിലുള്ള സംശയ നിവാരണവും ഫേസ്ബുക്ക് ലൈവിൽ ഉണ്ടാകുമെന്ന് ഹരിതകേരളം മിഷൻ എക്‌സിക്യുട്ടിവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ അറിയിച്ചു. ഇതിനു പുറമേ തുമ്പമൺ പഞ്ചായത്ത്, പരിയാരം പഞ്ചായത്ത്, വടകര മുനിസിപ്പാലിറ്റി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ഹരിതകർമ്മസേന പ്രവർത്തനങ്ങളുടെ അവതരണവും ലൈവിൽ ഉണ്ടായിരിക്കും.
ഹരിതകേരളം മിഷൻ ഫേസ്ബുക്ക് പേജ് fb.com/harithakeralamission സന്ദർശിച്ച് ലൈവ് പരിപാടി കാണാം. സംശയങ്ങൾക്ക് തത്സമയം മറുപടിയും നൽകും. ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടിവ് വൈസ് ചെയർപേഴ്‌സൺ, ഡോ. ടി.എൻ. സീമ പരിപാടിയിൽ ആമുഖാവതരണം നടത്തും.