ചാവക്കാട്: ഫുട്ബാൾ കളിക്കുന്നതിനിടെ കടലിൽ വീണ പന്തെടുക്കാൻ ഇറങ്ങി കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. വലിയകത്ത് ജനാർദ്ദനന്റെ മകൻ ജിഷ്ണുവിന്റെ(23) മൃതദേഹമാണ് ഇന്നലെ രാത്രി ഒമ്പതേകാലോടെ ബ്ലാങ്ങാട് ബീച്ചിന് സമീപം നിന്നും കണ്ടെത്തിയത്. പന്തെടുക്കാൻ ഇറങ്ങിയ അഞ്ച് യുവാക്കളിൽ ഒരാൾ കഴിഞ്ഞ ദിവസം തന്നെ മരിച്ചിരുന്നു. കാണാതായ രണ്ട് പേർക്കായാണ് ഇന്നലെ തെരച്ചിൽ നടന്നത്.
ഇരട്ടപ്പുഴ സ്വദേശികളായ കരിമ്പാച്ചൻ സുബ്രഹ്മണ്യന്റെ മകൻ ജഗന്നാഥിനെ(20) ആണ് ഇനി കണ്ടെത്തേണ്ടത്. ഇരട്ടപ്പുഴ ചക്കര ബാബുരാജിന്റെ മകൻ വിഷ്ണുരാജ് (വിഷ്ണു- 19) തിങ്കളാഴ്ച തന്നെ കൊല്ലപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ട ഇരട്ടപ്പുഴ സ്വദേശികളായ ആലിപ്പിരി മോഹനന്റെ മകൻ സരിൻ (ചിക്കു- 20), ചക്കര ബാലകൃഷ്ണന്റെ മകൻ കണ്ണൻ (20) എന്നിവരാണ് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. അപകടത്തിൽപ്പെട്ട യുവാക്കൾ ഉൾപ്പെടെ 15ലേറെ യുവാക്കൾ പാറൻപടി കടപ്പുറത്ത് കഴിഞ്ഞ ദിവസം രാവിലെ ക്രിക്കറ്റ് കളിച്ചിരുന്നു. ക്രിക്കറ്റ് കളി കഴിഞ്ഞ് മറ്റുള്ളവർ മടങ്ങിയ ശേഷം അഞ്ച് പേർ ചേർന്ന് ഫുട്‌ബാൾ കളിക്കാൻ തുടങ്ങി. ഇതിനിടെയാണ് പന്ത് കടലിൽ പോയത്.
ജഗന്നാഥാണ് പന്തെടുക്കാൻ കടലിൽ ആദ്യം ഇറങ്ങിയത്. ശക്തമായ തിരയിൽപ്പെട്ട് ജഗന്നാഥ് മുങ്ങിയതോടെ സരിനും, വിഷ്ണുവും രക്ഷയ്ക്കെത്തി. എന്നാൽ ജഗന്നാഥിനെ രക്ഷിക്കാനാകാതെ മൂന്നുപേരും കടലിൽ മുങ്ങിപ്പോയി. ഇതോടെ ജിഷ്ണുവും, കണ്ണനും കൂടി കൂട്ടുകാരെ രക്ഷപ്പെടുത്താൻ കടലിൽ ഇറങ്ങി. ജിഷ്ണുവും തിരയിൽപെട്ട് മുങ്ങിപ്പോയി. ഇതോടെ കണ്ണൻ കരയിലേക്ക് തിരിച്ച് നീന്തിക്കയറാൻ ശ്രമിച്ചു. കണ്ണനെ സമീപമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിച്ച് കരയ്ക്കെത്തിച്ചു.
കണ്ണനിൽ നിന്നും വിവരം അറിഞ്ഞ് വള്ളക്കാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ രക്ഷയ്ക്കായി രണ്ടു കൈകളും ഉയർത്തിനിന്ന സരിനെ കരയ്ക്കെത്തിച്ചു. വള്ളക്കാർ എറിഞ്ഞ രക്ഷാവലയിൽ വിഷ്ണു പെട്ടെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറിയ മിടിപ്പ് ഉണ്ടായിരുന്നെങ്കിലും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു.
കാണാതായവർക്ക് വേണ്ടി വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡിന്റെ ഹെലിക്കോപ്ടറും തിങ്കളാഴ്ച തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടാം ദിവസമായ ഇന്നലെ കോസ്റ്റൽ പൊലീസിന്റെ സ്പീഡ് ബോട്ടും, മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും ഫിഷറീസ് ബോട്ടും ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്. ഇതിനൊടുവിൽ രാത്രി വൈകിയാണ് ജിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. ജഗന്നാഥിന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും.
ചാവക്കാട് എസ്.എച്ച്.ഒ: അനിൽകുമാർ ടി. മേപ്പിള്ളി, കോസ്റ്റൽ സി.ഐ: മഹേന്ദ്രസിംഹൻ, തഹസിൽദാർ സി.എസ്. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. സുജാതയാണ് മരിച്ച ജിഷ്ണുവിന്റെ അമ്മ. സഹോദരങ്ങൾ: ശ്രുതി, വിഷ്ണു.