ചാവക്കാട്: കടലിൽ പെട്ട് വിദ്യാർത്ഥി മരിക്കുകയും രണ്ട് പേരെ കാണാതാകുകയും ചെയ്തതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങാതെ ദുഃഖാചരണം നടത്തി. ബ്ലാങ്ങാട് കടപ്പുറത്തെ അമ്പതോളം മത്സ്യബന്ധന വഞ്ചികൾ മീൻ പിടിക്കാൻ പോകാതെ ദുഃഖത്തിൽ പങ്കുചേർന്നു. ബ്ലാങ്ങാട് മത്സ്യമാർക്കറ്റ് രാവിലെ തുറന്നില്ല. ഇവിടെ മത്സ്യവിൽപ്പനയും നടത്തിയില്ല. കാണാതായ രണ്ടു പേർക്കുവേണ്ടിയുള്ള തെരച്ചിലിന് വേണ്ടി ചെറുവഞ്ചികൾ കടലിലിറക്കി. കാണാതായ ഭാഗത്ത് തൊഴിലാളികൾ വൈകിട്ട് വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടലിൽ അപകടത്തിൽപ്പെട്ടത് മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലുള്ളവരാണ്.