road

കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം മുതൽ കടമ്പാട്ടുകോണം വരെ റോഡിനിരുവശത്തും കാട് പോലെ വളർന്നു നിൽക്കുന്ന പുൽക്കൂട്ടം അപകടക്കെണിയാകുന്നു. ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതിനോടൊപ്പം ഇതിനിടയിൽ നിന്ന് റോഡിലേക്ക് എടുത്തു ചാടുന്ന തെരുവ് നായ്ക്കളും അപകടത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ എട്ടിലധികം അപകടങ്ങളാണ് നടന്നത്. ഒരാൾ മരിക്കുകയും പതിന്നാലോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഡിൽ ഒരാൾ പൊക്കത്തിലാണ് പുൽക്കൂട്ടം വളർന്ന് കാടായി മാറിയത്. റോഡിലേക്ക് ചാഞ്ഞുപന്തലിച്ച് കിടക്കുകയാണ് പുൽക്കൂട്ടം. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ ഇരുവശത്തു നിന്നും വാഹനങ്ങൾ വന്നാൽ ഒതുങ്ങി പോകാൻ കഴിയില്ല. ഒതുങ്ങിയാൽ തന്നെ പുൽക്കൂട്ടത്തിലെ ചെറിയ കുഴികളിൽപ്പെടും. ഇരുചക്രവാഹനങ്ങൾക്കും പുൽക്കൂട്ടം അപകടം വരുത്തുന്നുണ്ട്. പുൽക്കൂട്ടത്തിലെ ഇലകൾ ദേഹത്ത് കൊണ്ട് മുറിവേറ്റ സംഭവങ്ങളും നടന്നിട്ടുണ്ട്. കാൽനടക്കാർക്ക്‌ ഇതുവഴി പോകാൻ കഴിയില്ല. ഇഴ ജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും താവളമായി ഇവിടം മാറിയിട്ടുണ്ട്. രാത്രിയുടെ മറവിൽ മാലിന്യം തള്ളലും വ്യാപകമാണ്.

 ഒരുമാസത്തിനുള്ളിൽ നടന്നത് 8 ലധികം അപകടങ്ങൾ