ജീവിക്കാൻ വില കൊടുത്തു വാങ്ങുന്ന പലതും അനിവാര്യമാണെന്ന് കൊവിഡ് 19 കടന്നുവരും വരെ നാം തെറ്റിദ്ധരിച്ചിരുന്നു. ശ്രീനാരായണ ഗുരു ദൈവദശകത്തിൽ പറഞ്ഞപോലെ 'അന്നവസ്ത്രാദി" മുട്ടാതെ കിട്ടിയാൽ ജീവിക്കാം. സന്തോഷത്തോടെ. എല്ലാ ജീവജാലങ്ങൾക്കുമുള്ളത് പ്രകൃതി സൗജന്യമായി വേണ്ടുവോളം നൽകുന്നുണ്ട്. ശുദ്ധവായു, ശുദ്ധജലം, വെളിച്ചം. ഹാ എത്ര ഉദാരമതിയായ പ്രകൃതി. അവയെ നാം ദുരുപയോഗം ചെയ്തപ്പോൾ വായു മലിനമായി. ജലം മലിനമായി. അന്തരീക്ഷം പോലും മലിനമായി. ആ മാലിന്യങ്ങൾക്കിടയിൽ ആർത്തി മൂത്ത്, സ്വാർത്ഥമതികളായി നാം ജീവിതത്തിന് പല ദുർവ്യാഖ്യാനങ്ങളും നൽകി. കുഞ്ഞിന്റെ ചോറൂണു മുതൽ പുലകുളി അടിയന്തിരം വരെ എത്ര ആഡംബരപൂർണമായിട്ടാണ് നാം നടത്തിയത്. ഇഷ്ടപ്പെട്ട ആഹാരമില്ലെങ്കിൽ ജീവിക്കാൻ പറ്റില്ല, ആൾക്കൂട്ടവും ആഡംബരവുമില്ലാതെ വിവാഹം നടത്താൻ പറ്റില്ല. സെൽഫിയില്ലാതെ എങ്ങനെ ജീവിക്കും. മദ്യമില്ലെങ്കിൽ കൂട്ട മരണവും കൂട്ട ആത്മഹത്യയും നടക്കും എന്നൊക്കെ വ്യാഖ്യാനിച്ചു. എന്നിട്ടോ പ്രകൃതിയുടെ താളത്തിൽ എന്തെങ്കിലും മാറ്റം വന്നോ. ജനനവും വളർച്ചയും മരണവുമൊക്കെ മുറപോലെ നടക്കുന്നു. വൈറസിനെ പൂർണമായും തുടച്ചുമാറ്റാൻ മനുഷ്യരാശിക്ക് ഒത്തിരി വിയർപ്പൊഴുക്കേണ്ടിവരും. ജീവിതശൈലിയിൽ വേണ്ട മാറ്റങ്ങൾ വരുത്തി പ്രകൃതിക്കൊപ്പം സന്തോഷത്തോടെ ജീവിക്കാൻ നാം പരിശീലിക്കേണ്ടിയിരിക്കുന്നു.
ഡോ. ജി. ഗോപിനാഥ്
രാമനാട്ടുകര
കോഴിക്കോട്