കെ.പി.അപ്പൻ 'രോഗവും സാഹിത്യ ഭാവനയും" എന്ന പേരിൽ ഹ്രസ്വമെങ്കിലും അർത്ഥപൂർണമായ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. കൊല്ലം എസ്.എൻ. കോളേജിൽ എഴുപതുകളുടെ അവസാനം അപ്പൻ സാറിന്റെ ഒരൊറ്റ ക്ളാസിൽ ഇരിക്കാൻ ഈ ലേഖകന് ഭാഗ്യമുണ്ടായിട്ടുണ്ട്. അന്ന് ഒരു മണിക്കൂറിനുള്ളിൽ സാർ പറഞ്ഞതൊക്കെയും ഇന്നലെ എന്ന പോലെ ഇന്നും ഓർമ്മിക്കുന്നു. നാലഞ്ച് വർഷം ക്ളാസ് മുറികളിൽ നിന്ന് കേട്ടതിൽ ഓർമ്മിക്കുന്നത് അതുമാത്രം.
മറ്റ് ചില കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ ചങ്ങമ്പുഴയുടെ ക്ഷയരോഗത്തെക്കുറിച്ച് അന്ന് സാർ ഇങ്ങനെ പറഞ്ഞു. ''ക്ഷയരോഗം പിടിച്ച് വീടിന് സമീപം മറ്റൊരു കുടിൽ കെട്ടി അതിൽ (ഇന്നത്തെ ഭാഷയിൽ ക്വാറന്റീൻ) ഏകാന്തവാസം നയിച്ചു, ചങ്ങമ്പുഴ. ആ അവസാന നാളുകളിലാണ് ചങ്ങമ്പുഴ മനസ്വിനി എഴുതിയത്. ക്ഷയരോഗം ഓരോ കോശങ്ങളെയും കാർന്ന് തിന്നുമ്പോഴും ആ വേദനയിൽ നിന്ന് സൗന്ദര്യം സൃഷ്ടിക്കുകയാണ് ചങ്ങമ്പുഴ ചെയ്തത്. മനസ്വിനിയിലെ അവസാനത്തെ ഈ വരികൾ തന്നെ ഉദാഹരണം.
'വേദന, വേദന ലഹരി പിടിക്കും
വേദന - ഞാനതിൽ മുഴുകട്ടെ!
മുഴുകട്ടെ, മമ ജീവനിൽ നിന്നൊരു
മുരളീമൃദുരവമൊഴുകട്ടെ!"
ഈ വരികളിലൂടെ രോഗത്തെ ദാർശനിക മാനങ്ങളിലേക്ക് ഉയർത്തുകയാണ് ചങ്ങമ്പുഴ ചെയ്തത്''.
ചങ്ങമ്പുഴയെക്കുറിച്ച് ഇത്രയുമാണ് സാർ അന്ന് പറഞ്ഞത്. ഇതുകഴിഞ്ഞ് ഇരുപത്തിയഞ്ച് വർഷത്തോളം കഴിഞ്ഞാണ് 'രോഗവും സാഹിത്യ ഭാവനയും" എഴുതിയത്. അതിൽ ഒരു അദ്ധ്യായം 'ചങ്ങമ്പുഴയുടെ ക്ഷയരോഗം 'കളിത്തോഴി" പ്രവചിച്ചിരുന്നു" എന്നതാണ്. അന്ന് സാർ ക്ളാസിൽ പറയാൻ ബാക്കിവച്ചത് ഈ പുസ്തകത്തിൽ എഴുതുന്നുണ്ട്. അതിങ്ങനെ:
''മരണത്തെ മുഖാമുഖം കാണുമ്പോൾ സ്വയമറിയാതെ കവി ആത്മജ്ഞാനത്തിലേക്ക് കടക്കുന്നു. വ്യഥിത ദാർശനികനായി മാറുന്ന ഈ അവസ്ഥയിൽ എഴുത്തുകാരന്റെ മനസ് സാത്വിക വികാരങ്ങൾ കൊണ്ടു നിറയുന്നു. ഈ സാത്വിക വികാരങ്ങളുടെ സൃഷ്ടിയായിരുന്നു 'മനസ്വിനി" എന്ന കവിത.
ഇതേ പുസ്തകത്തിൽ തന്നെ ഖസാക്കിന്റെ ഇതിഹാസത്തിലെ പകർച്ചവ്യാധിയായ വസൂരിയെക്കുറിച്ച് അപ്പൻ സാർ ഇങ്ങനെ നിരീക്ഷിക്കുന്നു:
''ഖസാക്കിന്റെ ഇതിഹാസത്തിൽ രോഗം എന്ന തിന്മ സൗന്ദര്യമായി പ്രത്യക്ഷപ്പെടുന്നു. വിഷാദപൂർണമായൊരു ഫലിതം പോലെയാണ് ഭാഷയുടെ അർത്ഥവികാസങ്ങളിൽ രോഗം അവതരിക്കുന്നത്. രവിക്ക് വസൂരി പിടിപെട്ടു. കുട്ടാടൻ മരിച്ചു. കുപ്പുവച്ചന്റെ കണ്ണുകൾ പോയി. ഒരു സൗന്ദര്യ തൃഷ്ണയുടെ ലഹരിയിൽ വസൂരിയുടെ കുരുക്കളെ വിജയൻ ജമന്തിപ്പൂക്കളായി കാണുന്നു. ഖസാക്കിൽ ജമന്തിപ്പൂക്കൾ വിരിഞ്ഞു പൊട്ടി എന്ന് എഴുതുന്നു. വസൂരി രോഗം ഒരു തിന്മയാണ്. ഈ തിന്മയിൽ നിന്ന് വിജയൻ സൗന്ദര്യം സൃഷ്ടിക്കുകയായിരുന്നു. ഖസാക്കിൽ നല്ലമ്മ നടമാടി എന്ന് നോവലിസ്റ്റ് എഴുതുന്നുണ്ട്. ഖസാക്കുകാർ അവളെ കാമിച്ചു. രോഗം ആനന്ദമൂർച്ഛയായി. അങ്ങനെ അവർ മരിച്ചു."
ഇതെല്ലാം എഴുതുകയും പറയുകയും ചെയ്ത അപ്പൻ സാറും ഒരു മഹാരോഗത്തിന്റെ പീഡാനുഭവങ്ങളെല്ലാം ഏറ്റുവാങ്ങിയതിനു ശേഷമാണ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. കൊറോണക്കാലത്തെ അടച്ചിരുപ്പിൽ തനിച്ചിരിക്കുമ്പോൾ ഇതൊക്കെ ഓർത്തുപോയെന്നു മാത്രം.
കാൻസർ രോഗം ബാധിച്ച് പല സാഹിത്യകാരന്മാരും വിടവാങ്ങിയിട്ടുണ്ട്. പക്ഷേ എൻ.എൻ. കക്കാട് വിടവാങ്ങിയത് 'സഫലമീ യാത്ര" എന്ന മനോഹരമായ കവിത സമ്മാനിച്ചിട്ടാണ്. ലോകത്ത് കൊറോണക്കാലം കഴിയുമ്പോൾ 'മാരെന്നു, മെന്തെന്നു, മാർക്കറിയാം!
കാൻസർ രോഗം സുകുമാർ അഴീക്കോടിന് അവസാന കാലം നൽകിയ അനുഭവങ്ങൾ ആർക്കും മറക്കാനാവില്ല. സാറിന്റെ ശത്രുക്കളെല്ലാം മിത്രങ്ങളായി മാറി. അതിക്രൂരമായി സദസുകളിൽ അഴീക്കോട് സാർ പരിഹസിച്ചിട്ടുള്ള യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തൃശൂരിലെ അമല ആശുപത്രിയിൽ പോയി കണ്ട് സൗഹൃദത്തിന്റെ നിമിഷങ്ങൾ പങ്കിട്ടു. പരിഹസിക്കും മട്ടിൽ സുകുമാരാ എന്നും സുകു എന്നും വിളിച്ച് അഴീക്കോടിനെ കുത്തിയിരുന്ന ടി. പത്മനാഭനും പോയി സ്നേഹം പങ്കിട്ടു. എന്തിന് അഴീക്കോട് 'കങ്കാളം" എന്ന് വിളിച്ച് (അതിന്റെ അർത്ഥം ഇനിയും പിടികിട്ടിയിട്ടില്ല) വിമർശിച്ച് മോഹൻലാലും അവിടെയത്തി. ഇതിൽപ്പരം ഇനിയെന്ത് നൽകാൻ ഒരു രോഗം.