cateringg

നാഗർകോവിൽ: നിലവിലെ സാഹചര്യത്തിൽ വിവാഹങ്ങൾ ഉൾപ്പെടെയുള്ള പൊതു ചടങ്ങുകൾക്ക് നിയന്ത്രണങ്ങൾ വന്നതോടെ ഇവന്റ് മാനേജ്മെന്റുകാരുടെ സ്വപ്നങ്ങൾക്കും മങ്ങലേറ്റിരിക്കുകയാണ്. തിരുവനന്തപുരം - കന്യാകുമാരി ജില്ലകളിലായി നിരവധിപേരാണ് ഇവന്റ് മാനേജ്മെന്റിലൂടെ ഉപജീവനം നടത്തുന്നത്. ബർത്ത്ഡേ പാർട്ടി മുതൽ ജീവിതത്തിന്റെ എല്ലാ ആഘോഷങ്ങളും ഇക്കൂട്ടരുടെ കൈയിലായിരുന്നു എന്നുതന്നെ പറയാം. വലിയൊരു കൂട്ടായ്മയാണ് ഇതിനു പിന്നിൽ എന്നതിനാൽ നിരവധി പേരാണ് ഈ മേഖലയെ ആശ്രയിച്ചു കഴിഞ്ഞുപോന്നത്. മാർച്ച് - ജൂൺ ആണ് ഇക്കൂട്ടരുടെ പ്രധാന സീസൺ ആയി കണക്കാക്കുന്നത്. ക്ഷേത്ര ഉത്സവങ്ങൾ മുതൽ പല ചടങ്ങുകളും നടക്കുന്നത് ഈ സമയത്താണ്. എന്നാൽ ഇത്തവണ ലോക്ക് ഡൗണിന്റെ കരിനിഴലിൽ പെട്ട് എല്ലാം തകിടം മറിഞ്ഞു. മിക്കയിടത്തും ഉത്സവങ്ങളും കല്യാണങ്ങളും വെറും ചെറിയ ചടങ്ങായി ഒതുങ്ങിയതോടെ പലരും മറ്റു തൊഴിലുകളിലേക്ക് തിരിയാൻ നിർബന്ധിതരായിരിക്കുകയാണ്.

വിദ്യാർത്ഥികൾക്ക് പോക്കറ്റ്മണി

കഴിഞ്ഞ 10 വർഷത്തിനിടെയാണ് ഇവന്റ് മാനേജ്മെന്റ് മേഖല വേരുറപ്പിക്കുന്നത്. സാധാരണക്കാരായ പല സ്കൂൾ -കോളേജ് വിദ്യാർത്ഥികൾ അവധി ദിവസങ്ങളിലും പാർട്ട്‌ടൈമിലും കാറ്ററിംഗ് ജോലികൾ ചെയ്താണ് അവരുടെ പോക്കറ്റ് മണി കണ്ടെത്തുന്നത്.ഇവരും ഇപ്പോൾ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഒരു ദിവസത്തെ കാറ്ററിംഗ് വരുമാനം 500- 600 വരെ

പ്രശ്നം രൂക്ഷം

പല ഇവന്റ്മാനേജ്മെന്റ് കമ്പനിക്കാരും ബാങ്കുകളിൽ നിന്ന് വായ്പ എടുത്താണ് വിവാഹം പോലുള്ള ചടങ്ങുകൾക്ക് ആവശ്യമായ സ്ഥാനങ്ങൾ എടുത്തത്. എന്നാൽ ലോക്ക് ഡൗണിൽ വിവാഹങ്ങൾ മുടങ്ങിയതോടെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇനി കാര്യങ്ങൾ പഴയപടി ആകാൻ ഒരു വർഷമെങ്കിലും കഴിയുമെന്നാണ് കണക്കുകൂട്ടൽ. അതുവരെ എങ്ങനെ മുന്നോട്ട് പോകുമെന്നറിയാത്ത അവസ്ഥയിലാണ് പലരും. നിരവധി പേർ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ പ്രതിസന്ധി രൂക്ഷമാകാനാണ് സാദ്ധ്യത.