തിരുവനന്തപുരം: ദേശീയപാത-സംസ്ഥാനപാത വികസനം, തീരദേശ-മലയോര ഹൈവേകൾ, കോവളം-ബേക്കൽ ജലപാത യാഥാർത്ഥ്യത്തിലേക്ക്. ഒരു റെയിൽവേ ഓവർബ്രിഡ്ജ് കൂടിയായാൽ ആലപ്പുഴ ബൈപ്പാസ് റെഡി. കൊല്ലം ബൈപ്പാസ് തുറന്നു. 28.6 കി.മീ കോഴിക്കോട് ബൈപ്പാസ് പുരോഗമിക്കുന്നു.
"പുതിയകാലം പുതിയ നിർമ്മാണം" എന്ന നയത്തിലൂന്നി അടിസ്ഥാന സൗകര്യവികസനത്തിൽ വൻ കുതിപ്പാണ്
കഴിഞ്ഞ നാല് വർഷം പൊതുമരാമത്ത് വകുപ്പിൽ സംഭവിച്ചതെന്ന് മന്ത്രി ജി.സുധാകരൻ സാക്ഷ്യപ്പെടുത്തുന്നു.
അഴിമതിയിലാണ്ടിരുന്ന വകുപ്പിനെ ശുദ്ധീകരിച്ചു. പ്രതിച്ഛായയുള്ളവരെയും സമർത്ഥരെയും തന്ത്രപ്രധാന കസേരകളിലിരുത്തി. മരാമത്ത് വിജിലൻസ് ശക്തമാക്കി. കുഴപ്പക്കാരായ ചീഫ് എൻജിനിയറടക്കം 180പേരെ സസ്പെൻഡ് ചെയ്തു. ഇ-പേമെന്റ് വന്നതോടെ രജിസ്ട്രേഷൻ വകുപ്പിലെയും അഴിമതി കുറഞ്ഞു. വരുമാനം നാലായിരം കോടിയിലെത്തി. ഒരു ലക്ഷത്തിനു മേലുള്ള സ്റ്റാമ്പിടപാടുകൾ ഇ സ്റ്റാമ്പിംഗാക്കി -പിന്നിട്ട നാല് വർഷത്തെ പ്രവർത്തനങ്ങളെപ്പറ്റി മന്ത്രി ജി.സുധാകരൻ കേരളകൗമുദിയോട് സംസാരിക്കുന്നു.
? തിരിഞ്ഞു നോക്കുമ്പോൾ
=പ്രതിസന്ധികളിലൂടെയാണ് നാല് വർഷം വിജയകരമായി പൂർത്തിയാക്കിയത്. മഹാപ്രളയം, നിപ, കൊവിഡ്... വെല്ലുവിളികളെ അചഞ്ചലനായി, ദൃഢചിത്തനായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു. അദ്ദേഹം കടന്നുവന്ന വഴികളിൽ നിന്ന് നേടിയ കരുത്ത്. വെറുതെ എതിർക്കേണ്ടയാളല്ല, മനസിലാക്കുകയും അംഗീകരിക്കുകയും വേണ്ടയാളാണെന്ന ബോദ്ധ്യം രാഷ്ട്രീയ എതിരാളികൾക്കുമുണ്ടായി.
? നിയമസഭാതിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം
=. കരുത്തുറ്റ നേതൃത്വം, വൻവികസനം, അഴിമതി രഹിതഭരണം. ഇതെല്ലാം ഭരണത്തുടർച്ചയ്ക്കുള്ള സാദ്ധ്യതകളാണ്. ബഡ്‌ജറ്റിലെ 1.40ലക്ഷം കോടിക്ക് പുറമേ കിഫ്ബിയിലൂടെ 50,000കോടിയും. കേരളത്തിൽ നാളിതുവരെ ഇത്രയും വികസനമുണ്ടായിട്ടില്ല.
?പൊതുമരാമത്ത് വകുപ്പിൽ
=നാലുവർഷം നടത്തിയത് 1,05,608 കോടിയുടെ പദ്ധതികൾ. 440 പാലങ്ങൾ പണിതു. ദേശീയപാത 650കി.മി പണിതീരുമ്പോൾ 45000കോടി ചെലവുണ്ടാവും. നാലിലൊന്ന് ചെലവ് സംസ്ഥാനം നൽകണം. കാസർകോട്ടെ രണ്ട് റീച്ച് അംഗീകരിച്ചു. പണി ഉടൻ തുടങ്ങും.
?റോഡുകളുടെ സ്ഥിതി
=ദേശീയപാതയിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ മുൻപ് ആനക്കുഴികളായിരുന്നു. ഇപ്പോൾ കുഴികളില്ല. റോഡും പാലവും കെട്ടിടങ്ങളും ഗംഭീരമാക്കി.
?സെമി-ഹൈസ്പീഡ് റെയിൽ
=66,000കോടി ചെലവുള്ള പദ്ധതിയുടെ പകുതിയും സംസ്ഥാനം വഹിക്കും. അലൈൻമെന്റ് അംഗീകരിച്ചു.
?റെയിൽവേ പദ്ധതികൾ
=സ്ഥലമെടുപ്പാണ് തടസം. ശബരിപാത ഉപേക്ഷിക്കില്ല. ചെലവിന്റെ പകുതി നൽകണമെന്ന കേന്ദ്രത്തിന്റെ ആവശ്യം. അപ്രായോഗികമാണ്.
?തീരദേശ, മലയോര ഹൈവേകൾ
=മലയോര ഹൈവേയുടെ പതിനേഴ് റീച്ച് പണി പൂർത്തീകരിച്ചു. തീരദേശ ഹൈവേ. 14 മീറ്റർ വീതിയിലാണ്. ഇതിന് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കണം. രണ്ടിനും കൂടി ഭൂമിയേറ്റെടുക്കാൻ പതിനായിരം കോടിയാവും. തീരദേശഹൈവേ പദ്ധതിയും ഉപേക്ഷിക്കില്ല.
?പാലാരിവട്ടത്ത് പുതിയ പാലം
=ബേസ്‌മെന്റ് നിലനിറുത്തി പാലം പൊളിച്ച് നൂറുവർഷം ആയുസുള്ള പുതിയത് പണിയാമെന്നാണ് മെട്രോമാൻ ഇ.ശ്രീധരൻ അറിയിച്ചത്. ഇതിന് പണം നൽകേണ്ട. ഇത് അംഗീകരിച്ച് പുതിയ പാലം പണിയാൻ ശ്രീധരനെ ചുമതലപ്പെടുത്തി. കരാറുകാർ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടി. സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതിയിലാണ്. മുൻമന്ത്രിക്കെതിരായ കേസ് നിയമത്തിന്റെ വഴിയേ പോവും.
? ശുദ്ധികലശത്തെപ്പറ്റി
=. ഇപ്പോൾ കരാറുകാരോട് ആരും പണം ചോദിക്കുന്നില്ല. റോഡ്സ് ചീഫ് എൻജിനിയറായി നിയമനം കിട്ടാൻ പത്തു കോടിയായിരുന്നു. ഒരു വർഷമേ ഇരുത്തൂ. ഇരുനൂറ് കോടിയുടെ പണി നടത്താം. നാല്പത് ശതമാനം ഉദ്യോഗസ്ഥന്... ഇപ്പോൾ സ്ഥലംമാറ്റം എവിടേക്കാണെന്ന് ആർക്കുമറിയില്ല.