anikk

മുടപുരം: ലോക്ക് ഡൗൺ ദിനങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളിൽ കലയുടെ ലോകം തീർക്കുകയാണ് രണ്ട് സഹോദരങ്ങൾ. ആറ്റിങ്ങൽ ചെറുവള്ളിമുക്ക്, പുരവൂർ കല്യാണിക്കവിളയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അഭിഷേക് കൃഷ്ണയും പ്ലസ്ടു വിദ്യാർത്ഥിയായ അഖിൽ കൃഷ്ണയുമാണ് തങ്ങളുടെ വീടിന്റെ പരിസരങ്ങളിലെ ഉപയോഗ ശൂന്യമായ വസ്തുക്കളെ കലാ വസ്തുക്കളാക്കി മാറ്റുന്നത്. ചിരട്ട, കുപ്പികൾ, തടിക്കഷ്ണങ്ങൾ തുടങ്ങിയവയാണ് ഇവരുടെ കൈകളിൽ കലാശില്പങ്ങളാകുന്നത്. പിസ്താ തോടിൽ ടിഷ്യൂ പേപ്പർ ഒട്ടിച്ചിട്ട് ഫാബ്രിക് കളർ ചെയ്താണ് കുപ്പികളിൽ അഭിഷേക് വിവിധ രൂപങ്ങളൊരുക്കുന്നത്. കുപ്പികളിൽ സിന്തറ്റിക്ക് നൂലിൽ കാപ്പിപ്പൊടി ഉപയോഗിച്ചും കരകൗശല വസ്തുക്കളുണ്ടാക്കുന്നുണ്ട്.

ചിരട്ടയിൽ പെയിന്റ് തേച്ച് ശില്പങ്ങൾ, ചിരട്ടയിൽ അരി കൊണ്ട് വിവിധ രൂപങ്ങൾ, പേപ്പർ കപ്പിലെ പേപ്പർ വെയിറ്റ് എന്നിവയും അഭിഷേക് നിർമ്മിക്കുന്നുണ്ട്. അഖിൽ കൃഷ്ണയാകട്ടെ ചിത്രരചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രകൃതിയിലെ വ്യത്യസ്തതകളും പ്രശസ്ത വ്യക്തികളുടെ രേഖാചിത്രങ്ങളുമാണ് ഈ വിദ്യാർത്ഥി വരയ്ക്കുന്നത്. ഒപ്പം അനുജൻ നിർമ്മിക്കുന്ന വസ്തുക്കൾക്ക് രൂപരേഖയും തയ്യാറാക്കുന്നു. കൊളാഷ് ഫൈനാർട്സിലെ ചിത്ര വിദ്യാർത്ഥിയാണ് അഖിൽ. മുൻ തലമുറയിലെ ശ്രദ്ധേയ ചിത്രകാരനായിരുന്ന കല്യാണിക്ക വിളയിൽ ആർട്ടിസ്റ്റ് കൃഷ്ണൻകുട്ടിയുടെ ചെറുമക്കളാണിവർ. അച്ഛൻ അനി .കെ.എൽ, അമ്മ പ്രീതകുമാരി എന്നിവരുടെ വലിയ പിന്തുണ ഇവർക്ക് ലഭിക്കുന്നുണ്ട്.