job-

കൊവിഡ് - 19ന് ശേഷം അന്യസംസ്ഥാന തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് പോകുകയും വിദേശത്ത് പണിചെയ്തിരുന്നവർ മടങ്ങിവരികയും ചെയ്യുന്ന അവസ്ഥയിൽ, ഈ രണ്ട് പ്രക്രിയയും കൂട്ടിയിണക്കി - നമ്മുടെ ആൾക്കാർക്ക് ഇവിടെത്തന്നെ എങ്ങനെ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാൻ കഴിയുമെന്നത് സംബന്ധിച്ചാണ് താഴെ വിശദീകരിക്കുന്ന പദ്ധതി.ഇതോരു ഇ- പദ്ധതിയാണ്.

ശരീര അദ്ധ്വാനം വേണ്ടിവരുന്ന ജോലികളിൽ നമ്മുടെ ആൾക്കാർ പൊതുവേ പ്രകടിപ്പിക്കുന്ന വിമുഖതയാണ് അന്യദേശ തൊഴിലാളികളെ ഇവിടെ വരാനുള്ള സാഹചര്യം സൃഷ്ടിച്ചത്. ദിവസക്കൂലിയിലുള്ള വ്യത്യാസവും ജീവിത നിലവാരത്തിലുള്ള അന്തരവും മറ്റും കാരണങ്ങൾ. പക്ഷേ നമ്മുടെ യുവാക്കൾ അന്യരാജ്യങ്ങളിൽ പോയാൽ ഏത് ജോലിയും ചെയ്യും. കൂലിയിലുള്ള അല്പം വർദ്ധനയും സമൂഹത്തിലുള്ള പദവിയുമാണ് അതിന്റെ ആകർഷണം.

ഇപ്പോൾ തിരിച്ചെത്തുന്നവരെ എങ്ങനെയെങ്കിലും നമ്മുടെ നാട്ടിലെ നിത്യതൊഴിലുകൾക്കും കൃഷിക്കും മരാമത്ത് പണിക്കും വികസന പ്രവൃത്തിക്കും മറ്റും ഉപയോഗിച്ചേ പറ്റൂ. എല്ലാവർക്കും സ്ഥിരമായി മാസശമ്പളം കൊടുത്തുകൊണ്ടുള്ള ജോലി നൽകാൻ സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും തയ്യാറാകില്ല. അതുകൊണ്ട് കരാറടിസ്ഥാനത്തിൽ തൊഴിൽ നൈപുണ്യം അനുസരിച്ച് ജോലി ചെയ്യാനുള്ള അവസരം ഒരുക്കണം.

ചെയ്യുന്ന ജോലിക്ക് കൂലി. സമയത്തിനാണ് വില. ഒരു ദിവസം ഒരാളിന് മൂന്നോ നാലോ സ്ഥലങ്ങളിൽ ജോലി ചെയ്യാം.

എട്ടുമണിക്കൂർ ജോലി എന്ന രീതിക്ക് പ്രസക്തി നഷ്ടപ്പെടും. കൂടുതൽ മിടുക്കോടെ കൂടുതൽ സമയം ജോലി ചെയ്യാൻ തയ്യാറാകുന്നവർക്ക് കൂടുതൽ ദിവസ വരുമാനമുണ്ടാകും. ഒരാളിനു തന്നെ പല ജോലികളിൽ പ്രാവീണ്യമുണ്ടായാൽ എന്നും ജോലി ഉറപ്പാണ്. ഇപ്പോൾത്തന്നെ നമ്മുടെ കൂട്ടത്തിൽ അങ്ങനെയുള്ളവരുണ്ട്. പ്ളബ്ബിംഗ്, ഇലക്ട്രിക്, പെയിന്റിംഗ്, ഡ്രൈവിംഗ്, ക്ളീനിംഗ് തുടങ്ങിയ ജോലികളെല്ലാം വിദഗ്ദ്ധമായി ചെയ്യാൻ കഴിവുള്ളവരുണ്ട്.

ഇന്ന് നാം അഭിമുഖീകരിക്കുന്ന ആവശ്യങ്ങൾ - വീട്ടിലെ പൂന്തോട്ടം ശരിയാക്കുക, വാഴയ്ക്കും തെങ്ങിനും വളമിടുക, പറമ്പിൽ പുല്ലുവെട്ടുക, ചെറിയ കൃഷിപ്പണികൾ ചെയ്യുക - ഇതിനെല്ലാം ഇപ്പോൾ ദിവസക്കൂലിയാണ്. പൂർത്തിയാക്കുന്ന ജോലിയുടെ അളവിനും ഗുണമേന്മയ്ക്കും പ്രാധാന്യമില്ലാതെ പോകുന്നു. ഇതിന് പരിഹാരമുണ്ടാകണം. മിടുക്കന്മാർക്ക് ഒരു ദിവസം രണ്ടായിരം രൂപ വരെ ജോലി ചെയ്ത് സമ്പാദിക്കാൻ കഴിയണം. ഇതിനെല്ലാംകൂടി പരിഹാരമായി ഒരു പുതിയ പദ്ധതിയാണ് ചിന്തിക്കുന്നത്. ജോലിയെ പ്രാർത്ഥന പോലെ കണ്ട്, (Work as workship) ഏത് ജോലിയും മഹത്തരമാണെന്നത് ധരിച്ച്, ജോലിയേതായാലും ആരെക്കാളും മികച്ചതായി ഞാൻ ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കാൻ തയ്യാറുള്ള ഒരു സംഘത്തിനെ വാർത്തെടുക്കുകയാണ് ലക്ഷ്യം.

നടപ്പിലാക്കാനുള്ള രൂപരേഖ

1. ഐ.ടി പ്രൊഫഷണൽസിന്റെ സഹായത്തോടെ ഒരു നെറ്റ് വർക്കിംഗ് സംവിധാനം ഉണ്ടാക്കുക - ഈ സംവിധാനം വഴി തൊഴിലാളികളുടെ / വിദഗ്ദ്ധരുടെ വിവരം ശേഖരിക്കുക.

2. തൊഴിൽ ചെയ്യാൻ താത്‌പര്യമുള്ളവർക്ക് ഈ പദ്ധതിയിൽ പേരും മറ്റു വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യുക.

3. വാർത്താമാദ്ധ്യമങ്ങളിൽ കൂടി പരസ്യം ചെയ്ത് ഈ കൂട്ടായ്മയെപ്പറ്റി പൊതുജനങ്ങളെ അറിയിക്കുക. ഇതൊരു സഹകരണ കൂട്ടായ്മയാണ്. ഇവിടെ മുതലാളിയും തൊഴിലാളിയുമില്ല. ഊരാളുങ്കൽ ലേബർ സൊസൈറ്റി പോലെ ഒരു സ്ഥാപനമാണ് മനസിൽ കാണുന്നത്.

4. ആർക്കുവേണ്ടിയാണോ തൊഴിൽ ചെയ്യുന്നത്, അവർ ജോലിയുടെ സങ്കീർണത, പൂർത്തിയാക്കാൻ എടുത്ത സമയം, ഗുണമേന്മ എന്നിവയനുസരിച്ച്, മുൻകൂട്ടി ചർച്ച ചെയ്ത് ഉറപ്പിച്ച പ്രതിഫലം നൽകണം.

5. സേവനം ഏത് തലത്തിലുമാകാം. കൃഷി, ശുചീകരണം, നിർമ്മാണം, മരാമത്ത് പണി, കേടുപാടുകൾ തീർക്കൽ ഇതുപോലെ പലതുമാകാം.

6. ഈ പദ്ധതിയിൽ അംഗങ്ങളാകുന്നവർ സ്വന്തമായി വാഹനവും (ടൂവീലർ) മൊബൈൽ ഫോണും, ചില പ്രത്യേക തൊഴിലിനു വേണ്ടിയുള്ള പണിയായുധങ്ങളും സ്വന്തമായി കരുതണം.

7. പദ്ധതി നടപ്പിലായാൽ, കൂട്ടായ്മയിലെ എല്ലാവർക്കും ഒരേ യൂണിഫോമും നൽകാൻ കഴിയും.

8. കമ്പ്യൂട്ടർ സോഫ്‌‌റ്റ്‌വെയറിൽ പരിജ്ഞാനമുള്ള രണ്ടോ മൂന്നോ പേർ ഇതിന്റെ ഓപ്പറേഷനു വേണ്ടിവരും. ഒരു ഓഫീസും ( ഒരു പഴയ കെട്ടിടം) ഉണ്ടായിരിക്കണം.

എങ്ങനെ തുടങ്ങാം?

1. കംപ്യൂട്ടർ സോഫ്ട്‌വെയറിൽ പരിചയമുള്ള രണ്ടോ മൂന്നോ പേർ - ചർച്ചചെയ്തു നെറ്റ്‌വർക്ക് സംവിധാനം (യൂബെർ മോഡൽ) ശരിയാക്കുക. ഏതു തരത്തിലുള്ള സേവനവും വിശ്വസ്തതയോടെ നൽകാൻ തയ്യാറാണെന്ന് പരസ്യം ചെയ്യുക.

2. സേവനം നൽകാൻ താത്‌പര്യവും കഴിവും പരിശീലനവുമുള്ളവരുടെ വിവരം ശേഖരിക്കുക. തുടക്കത്തിൽ രജിസ്ട്രേഷന് ഒരു ഫീസും ഈടാക്കരുത്.

3. Data ശേഖരിച്ചാൽ അതിനെ തരം തിരിക്കുക, എല്ലാ തലങ്ങളിലും ഉള്ള

ജോലിക്കാരുണ്ടോയെന്ന് പരിശോധിക്കാം.ഇതിന്റെ മെസേജ് വാട്‌സാപ്പ്, ഫേസ്ബുക്ക് വഴി നൽകാം.

4. ഓഫീസ് മെയിന്റയിൻ ചെയ്യാനും ഇതിന്റെ നടത്തിപ്പുകാരുടെ പ്രതിഫലം നൽകാനുമുള്ള വരവ് അംഗങ്ങളുടെ പ്രതിഫലത്തിൽ നിന്നും ഒരു ചെറിയ പെർസെന്റേജ് ഈടാക്കാം. ഈ തുക സർവീസ് ആവശ്യപ്പെടുന്ന ഉപഭോക്താക്കളി​ൽ നി​ന്നും വേണം ഈടാക്കേണ്ടത്.

5. ഓരോ ജോലിയും പൂർത്തിയാക്കിയാൽ ഉപഭോക്താക്കളുടെ അഭിപ്രായം കർശനമായി രേഖപ്പെടുത്തണം. ഹൈ സ്കോർ തുടർച്ചയായി നേടുന്നവർ Award / Recoghnition Scheme ഉണ്ടാക്കണം.

6. പദ്ധതി തുടങ്ങിയാൽ ജോലിയുടെ മേഖലകൾ വികസിപ്പിക്കാം. കൺസൾട്ടൻസി സർവീസ്, മെഡിക്കൽ അസിസ്റ്റൻസ് പേഷ്യന്റ് കെയർ നഴ്സിംഗ് സർവീസ്, ഫിസിയോതെറാപ്പി മുതലായവ കൂടി ഉൾപ്പെടുത്താം.

7. അംഗങ്ങൾക്ക് ഒരു ചെറിയ തുക. മാസകോൺട്രിബ്യൂഷൻ ആയി നടത്തിപ്പു കൂട്ടായ്മയ്ക്ക് നൽകാം. ഇതൊരു കോമൺ വെൽഫെയർ ഫണ്ട് ആയി നിലനിറുത്താം.

8. തുടക്കത്തിൽ യൂബർ നേരിട്ട പോലെ, ഇവിടെയും ലോക്കൽ തടസ്സങ്ങൾ ഉണ്ടായേക്കാം. പക്ഷേ, അതൊന്നും നിലനിൽക്കില്ല.

( വി.എസ്.എസ്.സി മുൻ ‌ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവുമാണ് ലേഖകൻ)