പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി അഭിമുഖം
പ്രകൃതിദുരന്തങ്ങളും നിപ്പയും കൊവിഡും പോലുള്ള മഹാമാരികളുമെല്ലാം സൃഷ്ടിച്ച പ്രതിസന്ധികൾക്ക് നടുവിൽ പിണറായിസർക്കാർ നാല് വർഷം പൂർത്തിയാക്കുമ്പോൾ എങ്ങനെ വിലയിരുത്തുന്നു?
ദുരന്തം കഴിഞ്ഞുള്ള ഘട്ടത്തിൽ സാധാരണജനജീവിതം ഉറപ്പാക്കുന്ന നടപടികൾ പരിശോധിച്ചാണ് സർക്കാരിനെ വിലയിരുത്തേണ്ടത്. അങ്ങനെ നോക്കിയാൽ നാല് ദുരന്തഘട്ടങ്ങളിലും സർക്കാർ വലിയ പരാജയമാണ്. ഉണ്ടായ പ്രതിസന്ധികളെ നേരിടുന്നതിൽ സർക്കാരിന് കാഴ്ചപ്പാടില്ല, ദീർഘവീക്ഷണമില്ല, പ്രവർത്തികൾ നടപ്പാക്കാനുള്ള ആത്മാർത്ഥയില്ല.
? ഏത് ദുരന്തമുഖത്തും ഭരണസംവിധാനത്തിന്റെ ക്രൈസിസ് മാനേജ്മെന്റ് പ്രധാനമല്ലേ, അത് കൊവിഡ് പ്രതിരോധകാര്യത്തിൽ അംഗീകരിക്കേണ്ടേ?
ഗൾഫ്നാടുകളിലുള്ളവരുടെയും മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്നവരുമെല്ലാം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിളിച്ചുപറയുമ്പോൾ നമ്മൾ നിസ്സഹായരാണ്. അവരെ തിരിച്ചെത്തിക്കാനുള്ള സംവിധാനം നേരത്തേ ചെയ്യേണ്ടതായിരുന്നു. ഇപ്പോൾ ഹോട്ട്സ്പോട്ടിൽ നിന്ന് കൊണ്ടുവരേണ്ട സ്ഥിതിയായി.
? എല്ലാവരും നിൽക്കുന്നിടത്ത് നിൽക്കാൻ പ്രധാനമന്ത്രി അന്ന് പറഞ്ഞല്ലോ?
ആളുകളെ കൊണ്ടുവരാൻ സർക്കാർ വിചാരിച്ചാൽ മതിയായിരുന്നു. 1200ഓളം ട്രെയിനുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലോടി. കേരളസർക്കാർ മുൻകൈയടുത്ത് ഒരു ട്രെയിൻ പോലും നമ്മുടെ ആളുകളെ കൊണ്ടുവരാനേർപ്പെടുത്തിയില്ല.
?ബ്രുവറി പോലുള്ള വിവാദങ്ങളിൽ പ്രതിപക്ഷത്തിന് സർക്കാരിനെ തിരുത്തിക്കാനായെന്ന് പറയുമ്പോൾ അത് പ്രതിപക്ഷത്തിന്റെ വിജയമാണോ, പ്രതിപക്ഷനേതാവിന്റേതാണോ?
പ്രതിപക്ഷത്തിന്റെ മൊത്തം വിജയമാണ്. ഞാനവരുടെ പ്രതിനിധിയെന്ന നിലയിൽ ഉന്നയിക്കുന്നതാണല്ലോ. ഭരിക്കുന്ന കക്ഷികൾ മനസ്സിലാക്കേണ്ടത്, പ്രതിപക്ഷത്തിനും ഭരണത്തിലൊരു റോളുണ്ടെന്നാണ്. ആ റോൾ തിരുത്തലിനുള്ളതാണ്. ദൗർഭാഗ്യമെന്ന് പറയട്ടെ ഭരിക്കുന്ന കക്ഷി പലപ്പോഴും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ തയാറല്ല.
? സർക്കാർ ചിലതിലെങ്കിലും തിരുത്തലിന് തയാറാകുന്നുവെങ്കിൽ അത് സുതാര്യത ഉറപ്പിക്കലല്ലേ?
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തെറ്റുകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയാണ് നമ്മുടെ ജോലി. നിർദ്ദേശങ്ങളെ വെറും രാഷ്ട്രീയമായി കാണാതെ നടപ്പാക്കുമ്പോഴാണ് ഭരണകക്ഷിക്കും പ്രതിപക്ഷത്തിനു നല്ലത്.
? കുറ്റം പറയുക മാത്രമാണ് ചെയ്യേണ്ടത് എന്ന തെറ്റിദ്ധാരണയാണ് പ്രതിപക്ഷനേതാവിനുള്ളത് എന്ന് മുഖ്യമന്ത്രി പറയുന്നു
ഞങ്ങൾ സ്പ്രിൻക്ലർ വിഷയം ഉന്നയിച്ചില്ലെങ്കിൽ ഇവിടത്തെ മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഡേറ്റകൾ വിറ്റ് കാശാക്കാൻ അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലർക്കും മറ്റ് സ്ഥാപിതതാല്പര്യക്കാർക്കും സാധിക്കുമായിരുന്നു. ഏപ്രിൽ 10ന് ഞാനിത് പറയുന്നത് വരെ കേരളത്തിലൊരാൾക്കും ഇതറിയില്ലായിരുന്നു. അത് അപകടകരമായ ധാരാളം പ്രശ്നത്തിലേക്ക് വഴിതെളിക്കുമെന്ന് ഞങ്ങൾ ചൂണ്ടിക്കാട്ടിയതിനാലല്ലേ സർക്കാരിന് തിരുത്തിത്തിരുത്തി ഇത്രവരെ എത്താനായത്. അതെന്താ പറയാത്തത്.
? അങ്ങനെ തിരുത്തി മുന്നോട്ട് പോകുന്ന സർക്കാരിനെയാകില്ലേ ജനം വിശ്വാസത്തിലെടുക്കുക.
ഇപ്പോഴും പക്ഷേ അംഗീകരിക്കുന്നില്ലല്ലോ. ആദ്യം മുഖ്യമന്ത്രി പുച്ഛിച്ച് തള്ളി. ഇന്ന് ലോകം മുഴുവൻ കാണുന്നത് കൊവിഡിന്റെ മറവിൽ എല്ലാ ഭരണാധികാരികളും ഏകാധിപതികളാവുന്നതാണ്. പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും പൂർണമായി ഹനിച്ച ഏകാധിപതികൾ അരങ്ങ് തകർക്കുന്നു. ലണ്ടനിലായാലും പാരീസിലായിലും വാഷിംഗ്ടണിലായാലും പീക്കിംഗിലായാലും ഡൽഹിയിലായാലും തിരുവനന്തപുരത്തായാലും അതാണ് നടക്കുന്നത്.
? പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് സ്ഥിരതയില്ലെന്ന വിമർശനമുണ്ടാകുന്നു.
നമ്മൾ ജീവിക്കുന്നത് പഴയ കാലത്തല്ല. ഓരോ മിനിറ്റിലും വാർത്തയാണ്. ഒരു വിഷയം തീരും മുമ്പ് അടുത്തത് വരും. അതിനൊപ്പം നിൽക്കേണ്ടിവരും. ഞങ്ങളത് മറക്കുന്നില്ല. ഈ നാലാം വർഷത്തിൽ അത് കൃത്യമായി ജനങ്ങളെ ഓർമ്മിപ്പിക്കാനാണ് ശ്രമിക്കുക.
? പ്രതിപക്ഷത്തെ സ്വയം വിമർശനപരമായി വിലയിരുത്തിയാൽ...
ഒരു മുഖ്യമന്ത്രിയെ തന്നെ കല്ലെറിഞ്ഞ പ്രതിപക്ഷപ്രവർത്തനം നടത്തിയ ശൈലിയാണവരുടേത്. എന്നാൽ, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ, അക്രമസമരങ്ങളിൽ നിന്നൊഴിഞ്ഞ് , അതേസമയം ജനങ്ങളെ സംഘടിപ്പിച്ച് ജനങ്ങളുടെ പ്രശ്നങ്ങളുന്നയിച്ചാണ് ഞങ്ങൾ മുന്നോട്ട് പോയിട്ടുള്ളത്. പരമാവധി ഇത്തരം കാര്യങ്ങളിൽ ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കാനായിട്ടുണ്ട്.
? ദുരന്തകാലത്ത് പഴയതെല്ലാം മറന്ന് ഒരുമിച്ച് നിൽക്കാനാഹ്വാനം ചെയ്യുമ്പോൾ, അത് സർക്കാരിന് രാഷ്ട്രീയം മറന്നുള്ള പിന്തുണയുറപ്പാക്കാനുള്ള അവസരം കൂടിയാവുകയല്ലേ.
ദുരന്തങ്ങൾ വേറെ, രാഷ്ട്രീയം വേറെ. കേരളത്തിൽ യു.ഡി.എഫിന് 42- 43 ശതമാനം വോട്ടുണ്ട്. സി.പി.എമ്മിനും ഇടതുമുന്നണിക്കും അവരുടേതായ വോട്ടുണ്ട്. ആ വോട്ട് ഇതിനകത്ത് ഒലിച്ചുപോകില്ല. കേരളത്തിലെ ജനജീവിതത്തിന് മാറ്റം വരുത്താനുതകുന്ന ഒരു പദ്ധതിക്കും ഈ സർക്കാരിന് രൂപം കൊടുക്കാനായിട്ടില്ല.