may30b

ആറ്റിങ്ങൽ: ലോക്ക് ഡൗൺ ആരംഭത്തിൽ ബോറടി മാറ്റാൻ തുടങ്ങിയ പുസ്തക പരിചയ യൂട്യൂബ് ലൈവ് ഇപ്പോഴും തുടർന്ന് റെക്കാഡിലേക്ക് കുതിക്കുകയാണ് അവനവഞ്ചേരി ഗവ. എച്ച്.എസിലെ ഒൻപതാം ക്ലാസുകാരിയും സ്റ്റുഡന്റ് പൊലീസ് കോഡ‌റ്റുമായ അനുപമ. ലോക്ക് ഡൗൺ ഇളവ് വന്നെങ്കിലും കുറച്ചു സമയം പുസ്തകം വായിച്ച് അതിന്റെ ആസ്വാദനം തയ്യാറാക്കുന്നതിൽ ശ്രദ്ധിക്കുകയാണ് ഈ മിടുക്കി. ഇതുവരെ 60ൽ അധികം പുസ്തകങ്ങൾ വായിച്ച് അതിന്റെ ആസ്വാദന വീഡിയോ തയ്യാറാക്കി കൂട്ടുകാർക്കായി എത്തിച്ചു കഴിഞ്ഞു. ‘വായനയുടെ വസന്തം’ എന്ന പേരിലാണ് പുസ്തക ആസ്വാദന വീഡിയോകൾ പോസ്റ്റു ചെയ്യുന്നത്. ഇതിനായി അനുപമ സ്വന്തമായി യൂ ട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീന്റെ പുസ്തകങ്ങളാണ് അധികവും വായിച്ച് തീർത്തത്. അനുപമയുടെ ഈ വീഡിയോകൾ സംസ്ഥാന തലത്തിൽ സാഹിതി അക്ഷരക്കൂട്ടായ്മയിലും എല്ലാദിവസവും സംപ്രേഷണം ചെയ്തു വരികയാണ്. ഇടയ്ക്കോട് ‘മക’ത്തിൽ അനിൽകുമാർ- സുമി ദമ്പതികളുടെ മകളാണ് അനുപമ. പുസ്തക പരിചയമെന്ന ഹിറ്റ് പരിപാടി സ്കൂൾ തുറന്നാലും സമയം കണ്ടെത്തി തുടരാനാണ് അനുപമ തീരുമാനിച്ചിരിക്കുന്നത്. വൈറലായി മാറുന്ന ഈ പരിപാടി വേൾഡ് റെക്കാഡിലേക്ക് കുതിക്കുകയാണ്.