വെഞ്ഞാറമൂട്: കൊവിഡിനെ തുടർന്ന് ഷാർജയിലെ ബഹുനിലക്കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ അമ്പത്തിരണ്ട് ദിവസത്തോളം 'ആട് ജീവിതം" നയിച്ച വെഞ്ഞാറമൂട് സ്വദേശി സനൽകുമാർ 'വേനലിന്റെ " തണലിൽ നാട്ടിലെത്തി. ഷാർജയിലെ അൽ താവൂനിൽ കൂലിപ്പണി ചെയ്തിരുന്ന മുപ്പത്തിമൂന്നുകാരൻ സനൽകുമാർ മാസങ്ങൾ നീണ്ട യാതനകൾക്കൊടുവിലാണ് വെഞ്ഞാറമൂട്ടിലെ പ്രവാസികളുടെ സംഘടനയായ വേനലിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. കൊവിഡിനെ തുടർന്ന് ജോലിയും വരുമാനവുമില്ലാതായതോടെ മുറിവാടകയ്ക്കും ഭക്ഷണത്തിനും വഴിയടഞ്ഞത് ഇക്കഴിഞ്ഞ മാർച്ചിലാണ്. അതോടെ രാത്രിയുറക്കം വലിയൊരു കെട്ടിടത്തിന്റെ പാർക്കിംഗിലാക്കി. കൊടുംചൂടിലും കൊവിഡ് ഭീതിയിലും 52 ദിവസങ്ങൾ സനൽ ആ പാർക്കിംഗിൽ കഴിഞ്ഞു. നോമ്പുതുറ സമയത്ത് ആരെങ്കിലും എത്തിച്ചിരുന്ന ഭക്ഷണം കൊണ്ട് വയറു നിറച്ചു. നോർക്കയുടെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും വെബ്‌സൈറ്റുകളിൽ രജിസ്റ്റർ ചെയ്തങ്കിലും ആരും ബന്ധപ്പെടാത്തതിനാൽ സനൽ ഈ വിവരങ്ങൾ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചു. ആ പോസ്റ്റ് കണ്ട നാട്ടുകാരനായ ബിനേഷ് "വേനലിന്റെ " സെക്രട്ടറി ഹരിലാലിനെയും നസീബിനെയും കാര്യങ്ങളറിയിച്ചു. അവർ ഏർപ്പാടാക്കിയതിനെ തുടർന്ന്
വേനൽ സംഘടനയിലെ അംഗങ്ങൾ സനലിന് വീട്ടിലുണ്ടാക്കിയ ഭക്ഷണവുമായെത്തി. പിന്നീട് രേഖകൾ പരിശോധിക്കുന്നതിനിടയിൽ സനൽ കരൾ, ഹൃദയ രോഗങ്ങൾക്ക് മരുന്ന് കഴിച്ചിരുന്നത് മുടങ്ങിയിട്ടുണ്ടെന്ന് മനസിലായതിനെത്തുടർന്ന് ഹരിലാൽ താൻ ഉൾപ്പെട്ട "കൊവിഡ് മെഡിക്കൽ ഹെൽപ് ആൻഡ് കോ ഓർഡിനേഷൻ" വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ വിഷയം അവതരിപ്പിച്ചു. ഉടൻ തന്നെ താത്കാലിക താമസസ്ഥലവും ഭക്ഷണത്തിനുള്ള സൗകര്യവും ശരിയായി. പിന്നെ എല്ലാം വേഗത്തിലായി. വേനലിന്റെ ഇടപെടലിനെത്തുടർന്ന് വെഞ്ഞാറമൂടുകാരായ അഡ്വ. എ.എ.റഹിമും നോർക്ക ഡയറക്റ്റർ കെ.സി. സജ്ജീവ് തൈക്കാടും യു.എ.ഇയിലെ നോർക്ക കോ ഓർഡിനേറ്റർ ആർ.പി. മുരളിയുമായി ബന്ധപ്പെട്ടു. തുടർന്നാണ് ഇന്ത്യൻ എംബസി വഴി സനലിന്റെ മടങ്ങിവരവ് സാദ്ധ്യമായത്.