2

പോത്തൻകോട്: ദിവസേന നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന പോത്തൻകോട് ജംഗ്‌ഷനിലെ ബസ് ടെർമിനലിന്റെ ചുമരുകളിൽ കൊവിഡ് പ്രതിരോധ പോരാളികൾക്ക് ആദരവർപ്പിച്ച് ചുമർചിത്രങ്ങൾ നിരന്നു. കൊവിഡ് പ്രതിരോധത്തിന്റെയും ആദരവിന്റെയും ബോധവത്കരണത്തിന്റെയും മനോഹര ചിത്രങ്ങൾ പൊതുജനങ്ങളെ ആകർഷിക്കുന്ന വിധത്തിലുള്ളതാണ്. ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ 2013 പത്താം ക്ലാസ് പൂർവ വിദ്യാർത്ഥികളിൽ കലാവാസനയുള്ള ഒരു സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. കൊവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെ മാതൃക ലോകശ്രദ്ധ നേടിയതോടെയാണ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഈ ആശയം ഉയർന്നുവന്നത്. ഇപ്പോൾ മാവേലിക്കര ഫൈൻആർട്സ് കോളേജിൽ പഠിക്കുന്ന ബാദുഷ് ആയിരുന്നു മുന്നിൽ. ആവശ്യമായ തുക പങ്കിട്ട് രഞ്ജിത്ത്, സൂരജ്, വിഷ്ണുലാൽ, അക്ഷയ്, ഭരത്, നെയ്ജോ, ജിത്തു, സാബിൻ എന്നീ പൂർവ വിദ്യാർത്ഥികളായ ബിടെക് ബിരുദധാരികളും ഒപ്പംകൂടി. പിന്നാലെ വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെയും പഞ്ചായത്തിന്റെയും പോത്തൻകോട് പൊലീസിന്റെയും പിന്തുണ കൂടിയായതോടെ ചിത്രങ്ങൾ ജനിച്ചുതുടങ്ങി. പോസ്റ്റർ പതിച്ച് വികൃതമായി കിടന്ന ചുമരെല്ലാം കഴുകി വൃത്തിയാക്കി സ്‌പ്രേ പെയിന്റ് ചെയ്തു. അക്രിലിക് ഇനാമൽ പെയിന്റ് ഉപയോഗിച്ചുള്ള ചിത്ര രചനയിൽ ഡോക്ടർ, നഴ്‌സ്, പത്രപ്രവർത്തകൻ, പൊലീസ്, ശുചീകരണ തൊഴിലാളി, പൈലറ്റ്, ഷെഫ് എന്നിവരാണ് ഒരു ഭാഗത്തെങ്കിൽ പട്ടാളക്കാരൻ, ഫയർഫോഴ്‌സ്, ടെയ്ലർ, വൈദ്യുതി ബോർഡ് തൊഴിലാളി, ചുമട്ടു തൊഴിലാളി, ട്രെയിൻ, ബസ്, ഡ്രോൺ, കപ്പൽ, മത്സ്യത്തൊഴിലാളി, ചക്ക, നാടൻ ഭക്ഷ്യവിഭവങ്ങൾ എന്നിവയടങ്ങുന്ന ചിത്രങ്ങളാണ് മറുഭാഗത്ത്. സോപ്പ്, മാസ്ക്, സാമൂഹിക അകലം എന്നിവ പാലിച്ച് കൊവിഡിനെ കേരളം തോൽപ്പിക്കുക തന്നെ ചെയ്യുമെന്ന പ്രതിജ്ഞയും ചിത്രങ്ങളിലുണ്ട്. ഇന്നലെ വൈകിട്ട് മൂന്നിന് ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു.