ra

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിനെത്തുടർന്ന് സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തും ലക്ഷദ്വീപിനും കേരളത്തിനുമിടയിലുമായി കേരള തീരത്ത് അറബിക്കടലിൽ രണ്ട് ന്യൂനമർദങ്ങളാണ് നിലവിലുള്ളത്. ന്യൂനമർദം കഴിഞ്ഞ 48 മണിക്കൂറിൽ കൂടുതൽ കരുത്താർജ്ജിച്ചിട്ടുണ്ട്. ഇതു നാളെയോടെ നിസർഗ ചുഴലിക്കാറ്റാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ കാലവർഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക് രണ്ടരയ്ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നടത്തുന്ന വാർത്തസമ്മേളനത്തിലുണ്ടാവുമെന്നാണ് കരുതുന്നത്.


മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാദ്ധ്യതയുള്ളതിനാൽ ജൂൺ 4 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ ഇന്നുതന്നെ കാലവർഷം കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു. കേരളത്തിൽ പരക്കെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ചിലയിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.ജൂൺ ഒന്നിനുതന്നെ കാലവർഷം എത്തുമെന്നാണ് നേരത്തേ കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറഞ്ഞിരുന്നു.