pic

എറണാകുളം: സംസ്ഥാനത്തെ ഡാമുകൾ തുറക്കാൻ നിറയുന്നതുവരെ കാത്തിരിക്കില്ലെന്ന് ഡാം സേഫ്റ്റി ചെയർമാൻ ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ . കേന്ദ്ര ജലകമ്മീഷന്‍റെ മാനദണ്ഡമനുസരിച്ച് ജലവിതാനം ക്രമപ്പെടുത്തും. എന്നാൽ, പ്രളയഭീതിയുടെ പേരിൽ അനാവശ്യമായി വെളളം ഒഴുക്കിക്കളഞ്ഞാൽ അത് സംസ്ഥാനത്തിന് തന്നെ തിരിച്ചടിയാകുമെന്നും അദേഹം പറഞ്ഞു.

മഴയുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സംഭരണശേഷിക്ക് മുകളേക്ക് പോകാൻ വിടില്ല. അതായത് മഴകൂടുതൽ പെയ്താൽ ഡാമുകൾ നിറയും മുമ്പേതന്നെ ഷട്ടറുകൾ തുറക്കേണ്ടിവരും. എന്നാൽ, അനാവശ്യമായ പ്രളയഭീതിയുടെ പേരിൽ വെളളം ഒഴുക്കിക്കളയുന്നത് ശരിയല്ല. ഇക്കാര്യത്തിൽ മാനദണ്ഡമനുസരിച്ചേ മുന്നോട്ടുപോകൂവെന്നും അദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വർഷത്തെ പ്രളയത്തിനുശേഷം മിക്ക ഡാമുകളിലും എക്കലും മണലും നിറഞ്ഞു. ഇതോടെ സംഭരണ ശേഷിയിൽ കുറവുണ്ടായി. ഇതെങ്ങനെ ബാധിക്കുമെന്ന് ഈ മഴക്കാലത്തെ അറിയാൻ പറ്റുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡാം മാനേജ്മെന്‍റിലെ പിഴവാണ് 2018ലെ പ്രളയത്തിന് കാരണമെന്ന വിമർശനം തുടരുന്നതിനിടെയാണ് ഡാം സേഫ്റ്റി ചെയർമാൻ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര ജലകമ്മീഷൻ തയാറാക്കിയ റൂൾ കർവ് പ്രധാനപ്പെട്ട ഡാമുകൾക്കല്ലാം ബാധകമാണ്. ഓരോ മാസവും ഡാമിന്‍റെ പരാമവധി സംഭരണശേഷി മുൻകൂട്ടി നിശ്ചിയിച്ചിട്ടുണ്ട്.