ന്യൂഡൽഹി: ചാരപ്രവര്‍ത്തനത്തെ തുടർന്ന് പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ത്യ നടപടിയെടുത്തു. ഇവരില്‍ രണ്ട് പേരെ രാജ്യത്ത് നിന്ന് പുറത്താക്കി. ഹൈക്കമ്മീഷനിലെ ആബിദ് ഹുസൈന്‍, ജാവേദ് ഹുസൈന്‍ എന്നിവര്‍ക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി നേരിട്ട് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇവരോട് തിങ്കളാഴ്ച രാജ്യം വിടാന്‍ നിര്‍ദേശിച്ചു.
അതേസമയം, ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ഇന്ത്യയുടെ നടപടി തെറ്റിദ്ധാരണമൂലമാണെന്നും പാകിസ്ഥാന്‍ പ്രതികരിച്ചു. നയതന്ത്ര ബന്ധത്തിലെ വിയന്ന കണ്‍വെന്‍ഷന്‍ ധാരണ ഇന്ത്യ ലംഘിച്ചെന്നും പാകിസ്ഥാന്‍ കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ അനാവശ്യമായി ഇടപെടുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
വ്യാജ പേരില്‍ പുറത്തിറങ്ങി പ്രതിരോധമേഖലയിലെ വ്യക്തിയില്‍ നിന്ന് സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്നാണ് ഇന്ത്യയുടെ ആരോപണം. ആബിദ് ഹുസൈനും താഹിര്‍ ഖാനും വ്യാജ പേരിലും വ്യാജ തിരിച്ചറിയൽ കാര്‍ഡും ഉപയോഗിച്ച് നഗരം മുഴുവന്‍ കറങ്ങിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജാവേദ് ഹുസൈനാണ് കാര്‍ ഓടിച്ചത്. ഇവരില്‍ നിന്ന് ഫോണും പണവും പിടിച്ചെടുത്തത്.
24 മണിക്കൂറിനുള്ളില്‍ ഇവര്‍ രാജ്യം വിടണമെന്ന് വിദേശ കാര്യ മന്ത്രാലയം നിര്‍ദേശിച്ചു. ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തുന്നതിലുള്ള പ്രതിഷേധം ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു. ഇവരുടെ പ്രവര്‍ത്തനം ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും ഇന്ത്യ അറിയിച്ചു. ഓഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മുമ്പ് 2016ലാണ് പാക് ഉദ്യോഗസ്ഥരെ ചാരപ്രവര്‍ത്തനത്തെ തുടർന്ന് പുറത്താക്കിയത്.