ദുബായ്: കൊവിഡ് ബാധിച്ച് ഞായറാഴ്ച മാത്രം ഗൾഫിൽ മരിച്ചത് പത്ത് മലയാളികൾ. ഇതോടെ ആറ് ഗൾഫ് നാടുകളിലുമായി കൊവിഡ് മൂലമുള്ള മരണം ആയിരം കവിഞ്ഞു. ഇതിൽ നൂറ്റമ്പതിലേറെപ്പേർ മലയാളികളാണ്. മലപ്പുറം കോഡൂർ സ്വദേശി ശംസീർ പൂവാടൻ(30) ദമാം അൽ ഹസയിൽ മരിച്ചു. ഇടുക്കി തന്നിമൂട് സ്വദേശി മണ്ണിൽപുരയിടത്തിൽ സാബു കുമാർ (52) സൗദി ജിസാനിലാണ് മരിച്ചത്. തിരൂർ മൂർക്കാട്ടിർ സ്വദേശി സുന്ദരം കുവൈറ്റിലാണ് മരിച്ചത്.
കണ്ണൂർ സ്വദേശി മൂപ്പൻ മമ്മൂട്ടി (69), തൃശൂർ സ്വദേശി മോഹനൻ(58), അഞ്ചൽ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കർ ചുള്ളിപ്പറമ്പിൽ (52), മൊയ്തീൻകുട്ടി (52), പെരിന്തൽമണ്ണ സ്വദേശി പി.ടി.എസ്.അഷ്റഫ്, പത്തനംതിട്ട സ്വദേശി പവിത്രൻ ദാമോദരൻ(52) എന്നിവരും ഞായറാഴ്ച മരിച്ചതാണ്.
സൗദിയിലാണ് കൊവിഡ് മൂലമുള്ള മരണം ഏറെയും റിപ്പോർട്ടുചെയ്തത്. 505 പേർ. യു.എ.ഇ.യിൽ 267 പേരും കുവൈറ്റി 212 പേരും മരിച്ചു.രോഗികളുടെ കാര്യത്തിലും സൗദിതന്നെയാണ് മുന്നിൽ. 84,000 പേർ. 56,910 പേരുള്ള ഖത്തർ രണ്ടും 34,577 രോഗികളുള്ള യു.എ.ഇ. മൂന്നാമതുമാണ്. ഗൾഫിൽ ഇതുവരെയായി 2.20 ലക്ഷത്തിലേറെ പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.