pic

തിരുവനന്തപുരം : കഠിനംകുളത്ത് ഇന്നലെ രാത്രി ആയുധങ്ങളുമായെത്തിയ സംഘത്തിന്റെ അക്രമത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർക്ക് വെട്ടേറ്റു. കഠിനംകുളം മുണ്ടൻചിറയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. മുണ്ടൻചിറ സ്വദേശികളായ കുഞ്ഞുമോൻ, താഹിർ, ജോയി എന്നിവ‌ർക്കും ഒരു സ്ത്രീയ്ക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കഠിനംകുളം മുണ്ടൻചിറ പുതുവൽ പുത്തൻവീട്ടിൽ ജോയിയെ(55)തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്താകമാനം ആറിലേറെ വെട്ടേറ്റ ജോയിയെ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. മറ്റുള്ളവർ കഠിനംകുളം, ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രികളിൽ ചികിത്സതേടി.

രണ്ട് ദിവസം മുമ്പ് പ്രദേശവാസികളായ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് പ്രശ്നത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം മുണ്ടൻചിറയിൽ ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന് പകരം ചോദിക്കാനെത്തിയതാണ് ഇന്നലത്തെ അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അക്രമിസംഘത്തിലുൾപ്പെട്ട മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വധശ്രമമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് വെളിപ്പെടുത്തി.