തിരുവനന്തപുരം- സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെ ഛർദിച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് കൊവിഡ് സ്ഥിരീകരിച്ച യുവാവിന് രോഗ ബാധയുണ്ടായത് തമിഴ്നാട്ടിൽ നിന്നാണെന്ന് സൂചന. ആനാട് സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ ഇയാൾ സംഭവത്തിന് തലേദിവസം തമിഴ്നാട്ടിൽ പോയതായി സ്ഥിരീകരിച്ചതാണ് രോഗബാധയുടെ ഉറവിടം തമിഴ്നാടാണെന്ന സംശയത്തിന് കാരണമായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇയാളിൽ നിന്നും തമിഴ്നാട്ടിലെയും നാട്ടിലെയും ഇയാളുടെ സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും ശേഖരിക്കാൻ ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇയാൾക്ക് രോഗ ബാധയുണ്ടായതോടെ ആനാട് പ്രദേശത്ത് ആരോഗ്യപ്രവർത്തകർ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
യുവാവിനൊപ്പം മദ്യപിച്ച സംഘത്തിലുൾപ്പെട്ട എല്ലാവരെയും ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ഇവരുടെ കൊവിഡ് പരിശോധനയ്ക്കായി സ്രവപരിശോധന ഇന്ന് നടത്തും.രോഗം സ്ഥിരീകരിച്ച യുവാവിന്റെ കുടുംബാംഗങ്ങളും അയൽവാസികളും ഉൾപ്പെടെയുള്ളവരും നിരീക്ഷണത്തിലാണ്.
28നാണ് മദ്യപാനത്തിനിടെ ഇയാൾ ഛർദിച്ചു കുഴഞ്ഞുവീണത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും കോവിഡ് പരിശോധന നടത്തുകയുമായിരുന്നു. യുവാവിനെ പ്രവേശിപ്പിച്ചതിനെ തുടർന്ന് നെടുമങ്ങാട് ഗവ.ആശുപത്രിയിൽ അണുനശീകരണപ്രവർത്തനങ്ങൾ നടത്തി.