കോവളം: ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് കൈത്താങ്ങായ സാന്ത്വന പരിചരണ ക്ളിനിക്കുകളുടെ പ്രവർത്തനം ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായി. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേവന പാലിയേറ്റീവ് കെയറുകൾക്ക് പ്രവർത്തിക്കുന്നതിന് ആവശ്യമായ വരുമാനം നിലച്ചതാണ് ഈ ദുർഗതിക്ക് കാരണം. ക്ളിനിക്കുകളിലും രോഗികളെ വീടുകളിലെത്തി പരിചരിക്കുന്നതിനും വൻ തുകയാണ് പാലിയേറ്രീവ് കെയറുകൾക്ക് മാസം ചെലവാകുന്നത്. ഇവർ രോഗികളിൽ നിന്ന് സേവനങ്ങൾക്ക് തുക ഈടാക്കാറില്ല. പാലിയേറ്രീവ് കെയറുകളിൽ പ്രവർത്തന മേഖലയെ ആശ്രയിച്ച് പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാർ, നഴ്സുമാർ, കമ്മ്യൂണിറ്റി വോളന്റിയർമാർ എന്നിവരടങ്ങുന്ന അഞ്ച് മുതൽ 50 വരെ പ്രവർത്തകരുണ്ടാകും. പ്രവർത്തന മേഖലയുടെയും പ്രവർത്തകരുടെയും എണ്ണം കണക്കാക്കി മാസം രണ്ട് മുതൽ 20 ലക്ഷം രൂപവരെ ക്ളിനിക്കുകളിൽ ചെലവ് വരും. വ്യാപാര സ്ഥാപനങ്ങളിലും, ബാങ്കുകളിലും മറ്റ് സ്ഥാപനങ്ങളിലും വച്ചിരിക്കുന്ന കാരുണ്യ പെട്ടിയിലെ (ചാരിറ്രിബോക്സ്) വരുമാനവും, സുമനസുകൾ നൽകുന്ന സഹായങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് പാലിയേറ്റീവ് കെയറുകൾ പ്രവർത്തിക്കുന്നത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് സ്ഥാപനങ്ങൾ അടച്ചതോടെ കാരുണ്യ പെട്ടിയിൽ നിന്നുള്ള വരുമാനം നിലച്ചു. ലഭിക്കുന്ന സംഭാവനയിലും കാര്യമായ കുറവുണ്ടായി. ആശുപത്രികളിൽ ഏർപ്പെടുത്തിയ നിയന്ത്റണങ്ങളും യാത്രാവിലക്കും കാരണം പാലിയേറ്റീവ് കെയർ സേവനമെത്തിക്കേണ്ട രോഗികളുടെ എണ്ണവും വർദ്ധിച്ചു. സർക്കാരിൽ നിന്നോ മറ്റോ യാതൊരു സാമ്പത്തിക സഹായവും ലഭിക്കുന്നില്ലെന്നതിനാൽ നിലവിലെ സാഹചര്യത്തിൽ ഇത്തരം ക്ളിനിക്കുകളുടെ പ്രവർത്തനം കൂടുതൽ സങ്കീർണമായിരിക്കുകയാണ്.
ജില്ലയിലെ പ്രധാന പാലിയേറ്റീവ് കെയർ കേന്ദ്രങ്ങൾ
മുട്ടത്തറ, തുമ്പ, പള്ളിത്തുറ, മുരുക്കുംപുഴ, ആറ്റിങ്ങൽ, ജഗതി, മുട്ടക്കാട്, പൂവാർ, പാറശാല -പൊറ്റയിൽ കട, നെടുമങ്ങാട്, നന്ദിയോട്, ഉഴമലയ്ക്കൽ, വെള്ളറട.
പ്രധാന പ്രവർത്തനങ്ങൾ
കാൻസർ, പക്ഷാഘാതം, കിഡ്നി രോഗം, കിടപ്പ് രോഗികൾ എന്നിവരെ വീട്ടിലെത്തി പരിചരിക്കുന്നു. വീൽചെയർ തുടങ്ങിയ ഉപകരണങ്ങൾ നൽകുക, രോഗികളുടെ കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ തൊഴിൽപരമായ പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവ ഏറ്റെടുത്ത് നടത്തി വരുന്നുണ്ട്. വീടുനിർമ്മാണം, പുനരുദ്ധാരണം, കുടിവെള്ളസൗകര്യം, കക്കൂസ് നിർമ്മാണം തുടങ്ങിയവയും പൊതുജനങ്ങളുടെ സഹായത്തോടെ ഏർപ്പെടുത്തും. ഡയാലിസിസ് ചെയ്യുന്നവർക്ക് മരുന്നും സാമഗ്രികളും എത്തിച്ചുള്ള സഹായവും ഇതിനൊപ്പമുണ്ട്.
നിലവിലെ ദുഷ്കരമായ സാഹചര്യത്തിലും, ഒറ്റപ്പെട്ട കിടപ്പ് രോഗികളെ സ്വന്തം ആരോഗ്യം പോലും നോക്കാതെ പരിചരിക്കുന്ന ഹോം കെയർ ടീമുകളിലെ അംഗങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ സർക്കാർ ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങൾ പാലിയേറ്റീവ് കെയറിനായി മാറ്റി വയ്ക്കുന്ന തുകയിൽ നിന്നും അത്യാവശ്യമരുന്നുകൾ വാങ്ങി ക്ലിനിക്കുകൾക്ക് കൈമാറണം.
മുട്ടയ്ക്കാട് ആർ.എസ്. ശ്രീകുമാർ,
ജനറൽ സെക്രട്ടറി, ഇന്ത്യൻ അസോസിയേഷൻ ഒഫ് പാലിയേറ്റിവ് കെയർ കേരള.
ഈ ക്ളിനിക്കുകളുടെ മാസചെലവ് - 2 മുതൽ 20 ലക്ഷം രൂപ വരെ
സംസ്ഥാനത്തുള്ളത് 500 ലധികം പാലിയേറ്റീവ് ക്ളിനിക്കുകൾ