തിരുവനന്തപുരം : വെഞ്ഞാറമൂട് വെട്ടുവിളയിൽ അഞ്ചുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച അക്രമിസംഘത്തിനായി തെരച്ചിൽ ശക്തമാക്കിയതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. വെഞ്ഞാറമൂട് മാരിയം വെട്ടുവിളയിൽ ശനിയാഴ്ച പകലും രാത്രിയിലുമായി അഴിഞ്ഞാട്ടം നടത്തിയ അക്രമിസംഘത്തിൽപ്പെട്ടവർ ഒളിവിലാണെന്ന് വെഞ്ഞറമൂട് പൊലീസ് വെളിപ്പെടുത്തി.
വെട്ടുവിള വീട്ടിൽ ലീല (44), വെട്ടുവിള വീട്ടിൽ മനീഷ് (32), വെട്ടുവിള മൂക്കംപാലവിള വീട്ടിൽ ശരത്ചന്ദ്രൻ (35), മാരിയത്തു വീട്ടിൽ സുനിൽ (38), മാരിയത്ത് വീട്ടിൽ സുരേഷ് (35) എന്നിവരെയാണ് കഴിഞ്ഞദിവസം വെട്ടിപ്പരിക്കേൽപ്പിച്ചത്.ശരീരമാസകലം വെട്ടേറ്റ ശരത്ചന്ദ്രൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. മറ്റുള്ളവരെ കന്യാകുളങ്ങര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടത്തിന് നേതൃത്വം നൽകുന്ന വെട്ടുവിള സ്വദേശികളായ ഷൈൻ, വിഷ്ണു, ഷാരു, ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസിന് നാട്ടുകാർ മൊഴിനൽകി.
കഞ്ചാവ് വിൽപ്പന എതിർത്തവരെയാണ് ആക്രമിച്ചത്. സുരേഷിനെ കുളിക്കടവിലിട്ടാണ് വെട്ടിയത്. വൈകിട്ടോടെ മടങ്ങിയെത്തിയ സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഘർഷമായി. മങ്ങാട്ട് മൂലയിൽനിന്നെത്തിയ ഇരുപതോളംപേർ ചേർന്നാണ് രാത്രിയിൽ ആക്രമണം നടത്തിയതെന്ന് വെഞ്ഞാറമൂട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. രാത്രിയിൽ നടന്ന ആക്രമണത്തിലാണ് നാല് പേർക്ക് കൂടി വെട്ടേറ്റത്. സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തും വീട്ടിലെ വസ്തുക്കൾ അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിനും ശേഷമാണ് അക്രമികൾ മടങ്ങിയതെന്ന് കോളനിവാസികൾ പൊലീസിനോട് പറഞ്ഞു.