തിരുവനന്തപുരം- സൂരജിന്റെ പാമ്പ് പരിചരണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി.ഏറത്ത് വെള്ളശേരിൽ വീട്ടിൽ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം ചോദ്യം ചെയ്‌തതിലാണ് സുരേന്ദ്രപ്പണിക്കരുടെ വെളിപ്പെടുത്തൽ. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാണ് സുരേന്ദ്രപ്പണിക്കരെ ചോദ്യംചെയ്‌തത്. മകന് പാമ്പ് പിടിത്തക്കാരുമായി സൗഹൃദമുണ്ടായിരുന്നതായും പാമ്പുകളെപ്പറ്റി കൂടുതൽ കാര്യങ്ങൾ പഠിക്കാനും അറിയാനും അവയുമായി അടുത്ത് ഇടപഴകാനും സൂരജ് ശ്രമിച്ചിരുന്നതായും സുരേന്ദ്രൻ പൊലീസിനോട് സമ്മതിച്ചു.
ഉത്രയുടെ വീട്ടിൽ നിന്നും തനിക്ക് വാഹനം വാങ്ങാനും മറ്റാവശ്യങ്ങൾക്കും സാമ്പത്തികമായി വൻതോതിൽ സഹായം ലഭിച്ചിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ തീരുമാനവും അതിനായുള്ള ആസൂത്രണവും അമ്മയ്‌ക്കും സഹോദരിക്കും അറിയാമായിരുന്നതായി വിവരം ലഭിച്ചതിനാൽ അവരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ഉത്രയുടെ അച്ഛനമ്മമാരിൽ നിന്നും അയൽവാസികളിൽനിന്നും അന്വേഷണസംഘം ഇന്നലെ വിശദമായ മൊഴിയെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഉത്രയുടെ അച്ഛനമ്മമാരുടെ പരാതി ഉയർന്നപ്പോൾ സൂരജിന് ഒളിവിൽ പോകാൻ സൗകര്യം ഒരുക്കിയത് സഹോദരി സൂര്യയാണെന്നതിനുള്ള തെളിവും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും ചോദ്യംചെയ്യുന്നതോടെ കുടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
മേയ് ആറിന് രാത്രിയാണ് ഏറത്ത് വെള്ളശേരിൽ വീട്ടിൽ ഉത്ര (25)യെ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയത്. ആദ്യം മരണത്തിൽ സംശയം ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് ഉത്രയുടെ അച്ഛനമ്മമാർ പരാതി നൽകി. അന്വേഷണം നടത്തുന്നതിനിടെ കുടുങ്ങുമെന്ന് മനസ്സിലാക്കിയ സൂരജ് അഭിഭാഷകനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന് സഹോദരിയുടെ ഫോണാണ് ഉപയോഗിച്ചത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. മേയ് 23ന് സൂരജിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷിനെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളാണ് സൂരജിന്റെ അറസ്റ്റിലേക്ക് നയിച്ചത്. പ്രതിക്ക് ഒളിച്ചിരിക്കാൻ സൗകര്യം ഒരുക്കിയ സഹോദരിയുടെ സുഹൃത്തിനെയും കഴിഞ്ഞദിവസം ചോദ്യംചെയ്‌തിരുന്നു.
അറസ്റ്റിനുമുമ്പുതന്നെ സൂരജിന്റെ അച്ഛൻ തന്റെ പേരിലുള്ള വസ്തുവകകൾ തന്റെകൂടി അനുമതിയില്ലാതെ അറ്റാച്ച് ചെയ്യാൻ പാടില്ല എന്നു കാണിച്ച് കെവിയറ്റ് ഹർജി നൽകിയിരുന്നു. ഉത്രയുടെ സ്വർണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകൾ അറ്റാച്ചുചെയ്യുന്നത് ഒഴിവാക്കാനായിരുന്നു ഇത്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.