safar

കൊച്ചി:കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതി എറണാകുളം കുമ്പളം സഫർമൻസിൽ സഫർ ഷായെ അറസ്റ്റ് ചെയ്തു​. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.ആലപ്പുഴ തുറവൂർ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസി​ലാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇയാൾ ജാമ്യം നേടിയത്.


അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സഫർഷായ്ക്ക് സോപാധിക ജാമ്യം നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കുറ്റപത്രം സമർപ്പിക്കാനായില്ലെന്ന് പ്രോസിക്യൂഷനും ഏറ്റുപറഞ്ഞു. ഇതോടെ പ്രതിക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ഗുരുതരമായ കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും നേരിടേണ്ടിവന്നു.


സഫർഷാ അറസ്റ്റിലാകുന്നത് 2020 ജനുവരി എട്ടിനായിരുന്നു. ഏപ്രിൽ എട്ടിന് 90 ദിവസം പൂർത്തിയാവുകയും ചെയ്തു. എന്നാൽ ഏപ്രിൽ ഒന്നിനു തന്നെ വിചാരണക്കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുകയും, കോടതി കുറ്റപത്രം സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യം പ്രതിഭാഗവും പ്രോസിക്യൂഷനും കോടതിയിൽ മറച്ചുവയ്ക്കുകയായിരുന്നു.വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രോസിക്യൂഷൻ ഒാഫീസ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാർ കലൂരിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. മോഷ്ടിച്ച കാറിലാണ് പെൺകുട്ടിയെ മുപ്പത്തിരണ്ടുകാരനായ സഫർഷാ കടത്തിക്കൊണ്ടുപോയത്. വാൽപ്പാറയ്ക്കു സമീപം കാർ തടഞ്ഞാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.