തിരുവനന്തപുരം: ലൈസൻസ് ഫീസ് അടയ്ക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ ഫീസൊടുക്കാത്ത ബാറുകളും മദ്യശാലകളും പൂട്ടാൻ എക്സൈസ് നടപടി തുടങ്ങി. മാർച്ച് 31ന് മുമ്പ് ഫീസൊടുക്കി ലൈസൻസ് പുതുക്കണമെന്നാണ് ചട്ടമെങ്കിലും കൊവിഡ് ലോക്ക് ഡൗൺ കാരണം ഫീസ് അടയ്ക്കാനുള്ള സമയപരിധി സർക്കാർ രണ്ടുമാസം നീട്ടി നൽകിയിരുന്നു.
നീട്ടിയ സമയപരിധി പ്രകാരം മേയ് 31ന് ഫീസ് ഒടുക്കുവാനുള്ള കാലാവധി അവസാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫീസ് അടയ്ക്കാത്ത ബാറുകൾ പൂട്ടാൻ എക്സൈസിന് നിർദേശമുണ്ടായത്. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ബാറുകളുടെ ലൈസൻസ് ഫീസ് മുമ്പുണ്ടായിരുന്നതിൽ നിന്നും രണ്ടുലക്ഷം രൂപ വർദ്ധിപ്പിച്ചിരുന്നു. ഇതനുസരിച്ച് 30 ലക്ഷം രൂപയാണ് ഒരു ബാറിന് ലൈസൻസ് ഫീസായി ഒടുക്കേണ്ടത്.
കൊവിഡിനെ തുടർന്ന് ബാറുകളും ബിയർ ആന്റ് വൈൻ പാർലറുകളും കൂട്ടത്തോടെ അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായ ബാറുടമകൾക്ക് ഫീസ് ഒടുക്കാൻ കഴിഞ്ഞിരുന്നില്ല. പ്രത്യേക സാഹചര്യം പരിഗണിച്ച് സർക്കാർ ഇവർക്ക് രണ്ട് മാസത്തെ ഇളവ് അനുവദിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ മദ്യവിതരണൺ പുനരാരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ബെവ്കോ ആപ്പ് മുഖാന്തിരം വെർച്വൽ ക്യൂ സിസ്റ്റം വഴി ബാറുകളിലൂടെയും മദ്യവിതരണം നടത്തുന്ന സാഹചര്യത്തിലാണ് ലൈസൻസ് ഫീസ് ഒടുക്കിയ സ്ഥാപനങ്ങൾ മാത്രം തുറക്കാൻ അനുവദിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചത്.
തിരുവനന്തപുരം ജില്ലയിൽ 80 ഓളം ബാറുകളാണ് നിലവിലുള്ളത്. ഇവയിൽ മിക്കവയും ഫീസ് ഒടുക്കിയിട്ടുണ്ട്. ടൂറിസം മേഖലകളായ ബീച്ചുകളിലെ ചില ബാറുകളാണ് ഫീസൊടുക്കാനുള്ളത്. കേരളത്തിന് പുറത്താണ് ഇവയുടെ ഓഫീസ്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നുള്ള വിലക്കുകളാണ് നടത്തിപ്പുകാർക്ക് തിരുവനന്തപുരത്തെത്തി പണം ഒടുക്കാൻ തടസമായത്. സമയപരിധി അവസാനിച്ച ഇന്നലെ ഞയറാഴ്ചയായിരുന്നതിനാൽ ഇന്ന് കൂടി പണം അടയ്ക്കാൻ അവസരമുണ്ട്.
തിരുവനന്തപുരം ജില്ലയിൽ പണം ഒടുക്കാനുള്ള ചില ബാറുകാർ ഇന്ന് അതിനായി ബാങ്കുകളിലെത്തിയിട്ടുണ്ട്. ഇവർകൂടി ഫീസ് ഒടുക്കിയശേഷം വൈകുന്നേരത്തോടെ ലൈസൻസ് ഫീസ് അടയ്ക്കാത്തവരുടെ പട്ടിക വൈകുന്നേരത്തോടെ എക്സൈസ് കമ്മിഷണർക്ക് കൈമാറും. ഒന്നാം തീയതി ഡ്രൈഡേ ആയതിനാൽ ഇന്ന് ബാറുകൾ അവധിയാണ്. ഫീസ് അടയ്ക്കാത്ത സ്ഥാപനങ്ങൾ ഇന്ന് വൈകുന്നേരം തന്നെ പൂട്ടാനാണ് എക്സൈസിന്റെ നീക്കം.