bike

കോയമ്പത്തൂർ: ലോക്ക് ഡൗണിൽ നാട്ടിലേക്ക് പോകാനായി ബൈക്ക് മോഷ്ടിച്ചു. രണ്ടാഴ്ച കഴിഞ്ഞ് ഉടമയ്ക്ക് ബൈക്ക് പാർസലായി അയച്ചുകൊടുക്കുകയും ചെയ്തു. കോയമ്പത്തൂരിലെ ഒരു ചായക്കടയിലെ തൊഴിലാളിയാണ് ബൈക്ക് മോഷ്ടിച്ച് നാടുവിട്ടത്. കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് പോകുന്നതിനായിരുന്നു മോഷണം. സുരേഷ് കുമാർ എന്നയാളുടെ ബൈക്കാണ് മോഷണം പോയത്.


പാർസൽ കമ്പനി തങ്ങളുടെ ഓഫീസിലെത്താൻ ബൈക്ക് ഉടമയായ സുരേഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് തന്റെ ബൈക്ക് പാർസലായി എത്തിയ വിവരം അറിഞ്ഞത്.ബൈക്ക് മോഷ്ടിച്ചയാൾ പേ അറ്റ് ഡെലിവറി അടിസ്ഥാനത്തിലാണ് പാർസലയച്ചത്. അതിനാൽ തന്റെ വാഹനം തിരിച്ചുകിട്ടാൻ ആയിരം രൂപ സുരേഷ് കുമാറിന് പാർസൽ ചാർജ് കൊടുക്കേണ്ടി വന്നു. ബൈക്ക് മോഷണം പോയതിനെ തുടർന്ന് സുരേഷ് കുമാർ പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് ചായക്കടയിലെ ജീവനക്കാരനാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്.