ന്യൂഡൽഹി: കൊവിഡ് വ്യാപനം തീവ്രമായതിനെ തുടർന്ന് ഡൽഹിയുടെ അതിർത്തികൾ സംസ്ഥാന സർക്കാർ അടച്ചു. രണ്ടാഴ്ചത്തേക്കാണ് അതിർത്തികൾ അടച്ചത്. അതിർത്തി കടന്നെത്തുന്ന അവശ്യ സർവീസുകൾ മാത്രമേ സംസ്ഥാനത്തേക്ക് അനുവദിക്കുകയുള്ളൂ. അതിർത്തികൾ അടച്ചില്ലെങ്കിൽ ഡൽഹിയിലെ ആശുപത്രികൾ കൊവിഡ് രോഗികളെ കൊണ്ട് നിറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.
അതേസമയം കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകളും കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. ഡൽഹിയില്‍ വ്യവസായ ശാലകളും മാര്‍ക്കറ്റുകളും തുറക്കും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഇളവുകൾക്ക് പിന്നാലെ ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് എത്തിയിരിക്കുകയാണ്. തുടർച്ചയായ നാലാം ദിവസവും ഡൽഹിയില്‍ ആയിരം പേർ വീതം രോഗികളായി. വരാൻ പോകുന്ന ആറ് ആഴ്ച്ചകൾ ഡൽഹിയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് ആരോഗ്യവിഗദ്ധർ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക അകലം പാലിച്ച് കടകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കണമെന്നാണ് ചട്ടമെങ്കിലും നിയന്ത്രിതമായി പൊതുഗതാഗതവും തുറന്നുതോടെ നിരത്തുകള്‍ സജീവമാണ്. പൊതുയിടങ്ങളിലെ പ്രതിരോധ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നത് രോഗ വ്യാപനത്തോത് ഇനിയും വർദ്ധിപ്പിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നു.