pic

തിരുവനന്തപുരം: ജലനിരപ്പ് ഉയർന്നതോടെ നെയ്യാർ ഡാമിലെ നാല് ഷട്ടറുകളും തുറന്നു. രണ്ടു ഇഞ്ച് വീതമാണ് തുറന്നിരിക്കുന്നത്. ഡാമിൽ 80.100 മീറ്റർ വെള്ളമാണുള്ളത്. ഡാമിൻെറ സംഭരണശേഷി 84.75 മീറ്റർ ആണ്. കാലർഷം കനക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയതോടെയാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. ഞായറാഴ്ച 79.240 മീറ്റർ ജലമാണ് ഉണ്ടായിരുന്നത് ഇന്ന് രാവിലെയോടെ ഉയരുകയായിരുന്നു. അതോടെ ഡാമിന്റെ നാല് ഷട്ടറുകളും തുറക്കുകയായിരുന്നു. ഞായറാഴ്ച ജില്ലാ കളക്ടർ ഉൾപ്പടെ ഡാമിലെത്തി ജലനിരപ്പ് വിലയിരുത്തിയിരുന്നു. ഇനിയും ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ, മുല്ലയാർ തുടങ്ങിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാർ തുടങ്ങിയ 20 ചെറു നദികളിലും കരകവിയുന്ന രീതിയിലാണ്.

വനത്തിൽ കനത്ത മഴ പെയ്തതിനെ തുടർന്നാണ് നല്ല നീരൊഴുക്കുള്ളത്. ആറിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധിക്യതർ അറിയിച്ചു. രണ്ടാഴ്ച മുമ്പ് വെള്ളം പൊങ്ങിയപ്പോൾ ഡാം തുറന്ന് വിട്ടത് വിവാദമായിരുന്നു. വെള്ളം ഇരച്ചുകയറിയ വീടുകളിലും റോഡുകളിലും വരെ വെള്ളമായിരുന്നു. അന്നത്തെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരുന്നു ഡാം തുറന്നത്. വിവാദമായതിന്റെ അടിസ്ഥാനത്തിലാണ് ആ കളക്ടറെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയത്.