modi

ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ മൂന്നുകാര്യങ്ങളിൽ രാജ്യത്തെ ജനങ്ങളുടെ ചർച്ചയും പങ്കാളിത്തവും ഉണ്ടാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ബംഗളൂരുവിലെ രാജീവ് ഗാന്ധി ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ജനങ്ങൾ ചർച്ചചെയ്യേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം ടെലിമെഡിസിനിൽ ഉണ്ടായ പുരോഗതിയാണ്. ടെലിമെഡിസിൻ വൻതോതിൽ ജനപ്രിയമാകേണ്ടതുണ്ട്. അതിന് പുതിയ മോഡലുകളെക്കുറിച്ച് ചിന്തിക്കണം. ആരോഗ്യമേഖലയിലെ മേക്ക് ഇൻ ഇന്ത്യയുമായി ബന്ധപ്പെകാര്യങ്ങളാണ് രണ്ടാമത് ചർച്ചയാവേണ്ടത്. ഇതിന്റെ പ്രാരംഭ നേ‌‌‌ട്ടങ്ങൾ എനിക്ക് ശുഭാപ്തി വിശ്വാസം നൽകുന്നതാണ്.ആഭ്യന്തര നിർമ്മാതാക്കൾ പി.പി.ഇ കിറ്റുകളുടെ ഉത്പാദനം ആരംഭിക്കുകയും കൊവിഡ് പ്രതിരോധയോദ്ധാക്കൾക്ക് നൽകുകയും ചെയ്തു.

മൂന്നാമത്തേത് ആരോഗ്യമേഖലയിലെ ഐ.ടി അനുബന്ധ ഉപകരണങ്ങളാണ്. ആരോഗ്യസേതു ആപ്പിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടെന്ന് ഉറപ്പാണ്.കൊവിഡ് പ്രതിരോധത്തിന് ഇത് വളരെയേറെ പ്രയോജനകരമാണ്. 12കോടി ആളുകൾ ഇത് ഡൗൺലോഡ് ചെയ്തു-പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡിനെതിരെയുളള പോരാട്ടത്തിന്റെ വേര് മെഡിക്കൽ സമൂഹത്തിന്റെയും കൊറോണ യോദ്ധാക്കളുടെയും കഠിനാദ്ധ്വാനമാണെന്നും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പട്ടാളക്കാരെപ്പോലെയാണെന്നും അവർക്ക് പട്ടാളക്കാരുടെ യൂണിഫോം ഇല്ലെന്ന വ്യത്യാസം മാത്രമേ ഉള്ളൂവെന്നും മോദി പറഞ്ഞു.രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളേജോ ബിരുദാനന്തര മെഡിക്കൽകോളേജോ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .