നെയ്റോബി : ആഫ്രിക്കൻ രാജ്യമായ ബുർകിനാ ഫാസോയിലെ കന്നുകാലി മാർക്കറ്റിലുണ്ടായ വെടിവയ്പിൽ 30 ഓളം പേർ കൊല്ലപ്പെട്ടു. കോംപെയ്ന്യ നഗരത്തിലെ തിരക്കേറിയ മാർക്കറ്റിൽ കഴിഞ്ഞ ദിവസമാണ് മോട്ടോർ ബൈക്കുകളിലെത്തിയ ഒരു സംഘം മാർക്കറ്റിലുണ്ടായിരുന്ന ആളുകൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. കഴിഞ്ഞ കുറേ നാളായി രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾ വൻ തോതിൽ വർദ്ധിച്ചു വരികയാണ്.
വിവിധ ആക്രമണങ്ങളിലായി നിരവധി പേരാണ് മരിച്ചത്. ആയിരക്കണക്കിന് പേരാണ് ഇവിടെ നിന്നും പാലായനം ചെയ്തത്. വെള്ളിയാഴ്ച അയൽരാജ്യമായ മാലിയോട് ചേർന്നുള്ള വടക്കൻ അതിർത്തി പ്രദേശത്ത് വ്യാപാരികളുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഐസിസ്, അൽ ക്വയിദ തുടങ്ങിയ തീവ്രവാദ സംഘടനകളുടെ പ്രവർത്തനം രാജ്യത്ത് വൻ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. ബുർകിനാ ഫാസോയുടെ വടക്ക്, കിഴക്കൻ പ്രവിശ്യകൾ ഭീകരാക്രമണങ്ങളുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. സ്കൂളുകളെ പോലും തീവ്രവാദികൾ ലക്ഷ്യം വയ്ക്കുന്നതിനാൽ രാജ്യത്തെ 300,000 കുട്ടികൾക്കാണ് സ്കൂൾ വിദ്യാഭ്യാസം നഷ്ടപ്പെട്ടിരിക്കുന്നത്.