കല്ലമ്പലം: കരവാരം ഗ്രാമ പഞ്ചായത്തിലെ വഞ്ചിയൂരിൽ പ്രവാസിക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ പറഞ്ഞു. ദുബായിൽ നിന്ന് മേയ് 29ന് നാട്ടിലെത്തിയ പ്രവാസിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഗൾഫിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾ രോഗം ഭേദമായതിനെത്തുടർന്നാണ്‌ നാട്ടിലെത്തിയത്. ഇയാളുടെ കൈവശം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. മറ്റ് രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാലാണ് സ്രവം പരിശോധനയ്ക്കെടുത്ത ശേഷം ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്. റിപ്പോർട്ട് പോസിറ്റീവായതിനാൽ തിരികെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആംബുലൻസിൽ വീട്ടിലെത്തിയ ഇയാൾ പുറത്തുള്ള മറ്റാരുമായും സമ്പർക്കത്തിലേർപ്പെട്ടിട്ടില്ല. ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. ഇവർ ഹോം ക്വാറന്റൈനിലാണ്. വിദേശത്ത് നിന്നെത്തിയ ബന്ധുവിനെ സന്ദർശിച്ച കരവാരം വില്ലേജ് ഓഫീസ് ജീവനക്കാരിയുടെ പരിശോധനാഫലം നെഗറ്റീവാണ്. അതിനാൽ ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും പ്രസിഡന്റ് പറഞ്ഞു.