നെയ്യാറ്റിൻകര: കൊവിഡ് വ്യാപനത്തിൽ പൊറുതിമുട്ടി ജനം കഴിയുമ്പോൾ ഇരട്ടിപ്രഹരമായി മഴയും എത്തിയിരിക്കുകയാണ്. മഴവെള്ളത്തിനൊപ്പം ഒഴുകിവരുന്ന മലിനജലവും ഇതിൽ നിന്നുണ്ടാകാൻ പോകുന്ന പകർച്ചാവ്യാധി ഭീഷണിയിലാണ് ജനം. ലോക്ക് ഡൗണിന് ശേഷം നഗരത്തിൽ മാലിന്യ നിക്ഷേപം കുറഞ്ഞെങ്കിലും മുൻപ് നഗരത്തിന്റെ പല ഭാഗങ്ങളിൽ ഉപേക്ഷിച്ച മാലിന്യങ്ങളാണ് ഇന്ന് ജനത്തിന് വെല്ലുവിളി ഉയർത്തുന്നത്. ലോക്ക് ഡൗൺ തുടങ്ങിയതോടെ വ്യാപാരസ്ഥാപനങ്ങൾ പൂട്ടിയതും ആരും പുറത്തിറങ്ങാതെയും നഗര മാലിന്യമുക്തമായിരുന്നു. എന്നാൽ മുൻപത്തെ മാലിന്യങ്ങൾ പല സ്ഥലത്തും കുന്നുകൂടിക്കിടക്കുന്നുണ്ടായിരുന്നു. റോഡരികിലും ഓടകളിലും മാലിന്യക്കൂനകൾ അതുപോലെ തന്നെ തുടരുന്നുണ്ട്. കാലവർഷം തുടങ്ങുന്നതിന് മുൻപ് തന്നെ മഴക്കാല പൂർവ ശുചീകരണം നടത്തുന്നത് പതിവായിരുന്നു. ഇതിനായി ഓരോ വാർഡിലും ഇരുപത്തി അയ്യായിരം രൂപ നഗരസഭയിൽ നിന്നും നൽകാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ പല വാർഡുകൾക്കും അത് കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മിക്ക വീടുകളിലും വ്യാപാര സ്ഥാപനങ്ങൾക്കും മുൻപിലെ പൊതുസ്ഥലങ്ങളും നാട്ടുകാർ വൃത്തിയാക്കിയെങ്കിലും നഗരസഭ നേരിട്ട് നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. ദേശീയ പാതയുടെ ഇരുവശത്തും നടപ്പാതയുടെ വശങ്ങളിലും ശുചീകരിച്ചതൊഴിച്ചാൽ ഓടകളുടെ സ്ലാബുകൾ ഇളക്കിയുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഒന്നുംതന്നെ നടന്നിട്ടില്ല. ഇത് കാരണം മഴ തുടങ്ങിയതോടെ ഓടനിറഞ്ഞ് മഴവെള്ളം റോഡിലേക്ക് ഒഴുകുന്നത് പതിവാണ്. കൊവിഡ് കാലം കഴിയുന്നതോടെ സ്ഥിരമായ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാണ്.
ഓടകൾ നിറയെ മാലിന്യം മാത്രം
ജൂൺ തുടങ്ങി മഴ ശക്തമായതോടെ നഗരസഭ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. ഓടകൾക്ക് മുകളിലൂടെ ഇന്റർലോക്ക് നിർമ്മിച്ചിട്ടുണ്ടെങ്കിലും മഴവെള്ളം ഓടയിലൂടെ ഒഴുകിപ്പോകാൻ കഴിയാതെ റോഡിലൂടെ ഒഴുകുകയാണ്. ഈ മലിനജലം ചവിട്ടിവേണം നാട്ടുകാർക്ക് നടക്കാൻ. ഉയർന്നപ്രദേശത്ത് നിക്ഷേപിച്ചിരുന്ന മാലിന്യം കൃത്യസമയത്ത് ശുചീകരിക്കാത്തതാണ് മാലിന്യം വെള്ളത്തിനൊപ്പം നാട് മുഴുവൻ വ്യാപിക്കാൻ കാരണം. പലവീടുകളിലെയും സെപ്ടിക് ടാങ്കുകളിൽ നിന്നും മലിനജലം പുറത്തേക്കൊഴുകുന്നതും ഭീതി ഉയർത്തുന്നു. സെപ്ടിക് ടാങ്കുകൾ നിർമ്മിക്കുമ്പോൾ ആവശ്യമായ മുൻകരുതൽ എടുക്കാത്തതാണ് ഇതിന് കാരണമെന്നും ആക്ഷേപം ഉയരുന്നുണ്ട്.
മഴക്കാല പൂർവശുചീകരണത്തിന് ഓരോ വാർഡിനും നഗരസഭ നൽകുന്നത് 25000 രൂപ
മരുത്തൂർ തോട് ശുചീകരിക്കാൻ അനുവദിച്ചത് 22 ലക്ഷം രൂപ
എന്നാൽ ഈ വർഷം നഗരസഭ തുക നൽകിയിട്ടില്ല. തുക വെട്ടം കണ്ടില്ലെന്നും ആക്ഷേപം
മരുത്തൂർ തോട് ഒഴുകിപ്പോകുന്ന കവളാകുളം, പിരായുംമൂട് പ്രദേശങ്ങളിൽ ഇപ്പോഴും മാലിന്യം കുന്നുകൂടിക്കിടപ്പാണ്