p

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിലെ മൂന്നാം വാർഡിൽ വർക്കല തോടിന് പടിഞ്ഞാറ് കരയിൽ കൂടി ഒന്നാം പാലം മുതൽതിട്ടയിൽ വരെയുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് ഒന്നരവർഷത്തോളമായി. തോടിന്റെ പടിഞ്ഞാറുകരയിൽ താമസക്കാരായ അനവധി കുടുംബങ്ങളുടെ ഏക ഗതാഗത മാർഗമാണ് ‌ഈ റോഡ്. തിട്ടയിൽ നിന്നും റോഡ് കായിക്കര കടവ് വരെ നീട്ടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി കൊണ്ടിരിക്കുമ്പോഴാണ് ഉള്ള റോഡും ഗതാഗതയോഗ്യമല്ലാതായത്. കുറ്റികാട് വളർന്ന് നിൽക്കുന്ന ഈ റോഡിൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വർക്കല തോട് നവീകരണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടി തോടിന്റെ ഇരുകരകളും ഭിത്തിക്കെട്ടി പണി പൂർത്തിയാക്കി പണിയെടുത്ത ആൾ ബില്ലു മാറി പോയിട്ട് വർഷങ്ങളായി. ഇതോടെ ഈ റോഡിന്റെ വീതി കുറച്ച് നഷ്ടപ്പെട്ടു. ഉള്ള റോഡ് ഗതാഗതയോഗ്യമാക്കി തരണമെന്ന നാട്ടുകാരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വാർഡ് മെമ്പർ അജയകുമാറിന്റെ ശ്രമഫലമായും റോഡ് ഇന്റർലോക്ക് ചെയ്യാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ച് ഫണ്ട് അനുവദിക്കുകയും ടെൻഡർ നൽകുകയും ചെയ്തു. പിന്നന്തോ കാരണത്താൽ പണി നടന്നില്ല. ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിന്റെ അനുമതി കിട്ടാനുള്ള കാലതാമസമാണ് റോഡ് നവീകരിക്കാനുള്ള തടസമെന്നാണ് അറിയുന്നത്. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.