pic

തിരുവനന്തപുരം : എയർപോർട്ടിൽ നിന്നും തിരുവനന്തപുരം മെഡിക്കൽകോളേജിൽ എത്തിച്ച രോഗിയെ പരിശോധനാഫലം ലഭിക്കുംമുമ്പ് ഡിസ്‌ചാർജ് ചെയ്‌ത സംഭവത്തിൽ മന്ത്രി കെ.കെ ശൈലജ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി.

അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. രോഗലക്ഷണമില്ലാത്തവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടാതെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് അയക്കാമെന്ന് കേന്ദ്ര മാർഗനിർദേശങ്ങൾ ഉണ്ടെങ്കിലും പോസിറ്റീവ് കേസുകളിൽ അങ്ങനെ തീരുമാനിക്കാറില്ല. സ്രവ പരിശോധനയ്ക്ക് സാമ്പിളെടുത്താൽ റിസൾട്ട് വരും വരെ കാത്ത് നിൽക്കേണ്ടതുണ്ട്. അതിനിടയിൽ രോഗിയെ ആംബുലൻസിൽ വീട്ടിലെത്തിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് നടപടിക്രമം കൃത്യമായി പാലിക്കാതിരുന്നതെന്ന് അന്വേഷിക്കുന്നതാണ്.

സ്വകാര്യ വാഹനത്തിലാണ് രോഗിയെ വീട്ടിലെത്തിച്ചതെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രി സൂപ്രണ്ടിനോട് അന്വേഷിച്ചപ്പോൾ ആംബുലൻസിലാണ് വീട്ടിലെത്തിച്ചതെന്നും തിരികെ കൊണ്ടുവന്നതെന്നും പറയുന്നുണ്ട്. എങ്കിലും ആരോഗ്യ വകുപ്പ് വളരെ സൂക്ഷ്മതയോടും ത്യാഗപൂർണമായും പ്രവർത്തനം നടത്തുന്നതിനിടയിൽ ഇത്തരത്തിൽ യാതൊരു ശ്രദ്ധക്കുറവും ഉണ്ടാകാൻ പാടില്ല. അതിനാലാണ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.