തിരുവനന്തപുരം : ഒരു വർഷത്തിനുള്ളിൽ 500 ആധുനിക മത്സ്യസ്‌റ്റാളുകൾ തുടങ്ങാനൊരുങ്ങി മത്സ്യഫെഡ്. സഹകരണബാങ്കുകളുടെയും സൊസൈറ്റികളുടെയും സഹായത്തോടെയാണ് പദ്ധതി. ആദ്യഘട്ടമായി എല്ലാ നിയമസഭാമണ്ഡലങ്ങളിലും ആഗസ്‌റ്റിന് മുമ്പ് സ്‌റ്റാൾ തുടങ്ങും. നിലവിൽ 43 ആധുനിക മത്സ്യ സ്‌റ്റാളുണ്ട്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലായി ഒമ്പത് സ്‌റ്റാളിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇവയ്‌ക്ക് പുറമെയാണ് 140 പുതിയ സ്‌റ്റാൾ. മൂന്നുമാസത്തിനുള്ളിൽ 200 സ്‌റ്റാൾ സജ്ജമാക്കുകയാണ് ലക്ഷ്യം.
അടുത്തഘട്ടത്തിൽ തദ്ദേശസ്ഥാപനങ്ങൾ നിർദേശിക്കുന്ന സ്ഥലങ്ങളിൽ സ്‌റ്റാളുകൾ സ്ഥാപിക്കും. മൂന്നുമാസത്തിനുള്ളിൽ എല്ലാജില്ലകളിലും ഓൺലൈൻ മത്സ്യവ്യാപരം ആരംഭിക്കും. തൊഴിലാളികൾക്ക് ന്യായവില ലഭ്യമാക്കും. 500 സ്‌റ്റാൾ പൂർത്തിയാക്കിയാൽ 2000 തൊഴിൽ അവസരങ്ങളുണ്ടാകുമെന്നും മത്സ്യം വാങ്ങി സംഭരിക്കുന്നതിലെ ന്യൂനതകൾ മറികടക്കും. ദിവസേന 100 ടൺ മത്സ്യം വിൽപ്പനയാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പി.പി ചിത്തരഞ്‌ജൻ പറഞ്ഞു. 200 സ്‌റ്റാൾ പൂർത്തിയാകുന്നതോടെ ദിവസം 10 ടൺ മത്സ്യം വിൽക്കാനാകും.
സ്‌റ്റാളിനുവേണ്ട സ്ഥലം സഹകരണസംഘങ്ങളും മീൻ മത്സ്യഫെഡും ലഭ്യമാക്കും. തൊഴിലാളികൾ എത്തിക്കുന്ന മത്സ്യത്തിന് ന്യായവില നൽകും. മത്സ്യംശേഖരിക്കാൻ വിഴിഞ്ഞം, നീണ്ടകര, ശക്തികുളങ്ങര, വാടി, കരുവാറ്റ, വളഞ്ഞവഴി, മുനമ്പം, കോഴിക്കോട്, കൈപ്പമംഗലം, പൊന്നാനി എന്നീ ഹാർബറുകളിൽ സൗകര്യമൊരുക്കും. സംഘങ്ങൾക്ക് 50 വാഹനങ്ങൾ വരെ വാങ്ങാനുള്ള വായ്‌പയും മത്സ്യഫെഡ് നൽകും.